Monday, July 4, 2011

മനസ്സമാധാനം നശിപ്പിക്കുന്ന വ്യവഹാരികള്‍

മാധ്യമങ്ങളുടെ കടന്നു വരവോടെ പ്രത്യകിച്ചും ദ്രിശ്യ മാധ്യമങ്ങളുടെ വരവോടെ ആളാകാന്‍ വേണ്ടി വ്യവഹാരം നടത്തുന്ന ചിലര്‍ ഇന്ന് ഇന്ത്യയുടെ ശാപം ആയി മാറിയിരിക്കുന്നു. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് പഠിച്ചും നല്ല രീതിയില്‍ നടന്നും ജനശ്രദ്ധ നേടാന്‍ കഴിയാത്ത ചില കുട്ടികള്‍ ബസ്സിനു കല്ലെറിഞ്ഞും ചട്ടമ്പിയായി ചമഞ്ഞും അലാകുന്ന അതെ രീതിയില്‍ തന്നെ ജനോപകാര പ്രദമായ ഒന്നും ചെയ്തു ആളാകാന്‍ കഴിയാത്ത ചിലര്‍ ഇടയ്ക്കിടെ എന്തിനെന്നോ ആര്‍ക്കെതിരെ എന്നോ നേട്ടം എന്തെന്നോ നോക്കാത്ത ചില വ്യവഹാരങ്ങളും ആയി നടക്കും. ഇവരൊക്കെ ഇത്തരം വ്യവഹാരങ്ങള്‍ നടത്തുന്നത് അറിയപ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒക്കെ എതിരെ ആയിരിക്കുകയും ചെയ്യും. ഇത്തരം ഒന്ന് കേട്ടാല്‍ നമ്മുടെ പത്രക്കാര്‍ കോട്ടയും ചട്ടിയുമായി അവരെ വളയും അത് കണ്ടിരിക്കുന്നവര്‍ക്കും ഹരമാവും പിന്നെ അയാള്‍ നാളെ മറ്റൊരല്‍ക്കെതിരെ കേസ് കൊടുക്കും. പറഞ്ഞു വരുന്നത് നമ്മുടെ തിരുവനന്തപുരം ശരി പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയെ കുറിച്ചാണ്. എന്തിനാണ് അതിന്റെ നിലവറ തുറക്കണം എന്ന് ഈ മാന്യ ദേഹം ആവശ്യപ്പെട്ടത്. ഈ തുറക്കല്‍ കൊണ്ട് ആര് എന്ത് നേടി. ഏതൊരാളും ഒരു ജോലി ചെയ്യുമ്പോള്‍ തനിക്കോ തന്റെ സമൂഹത്തിനോ നാടിനോ ആര്‍ക്കെങ്കിലും എന്തെങ്കിലും ഉപകാരം കിട്ടണം. ഇവിടെ ആര് എന്ത് നേടി. തന്റെ സമയം (വേറെ പണി ഒന്നും ഇല്ലാത്തവന്‍ ആണെങ്കില്‍ പോകട്ടെ) കോടതിയുടെ വിലപ്പെട്ട സമയം. ഒക്കെ നഷ്ടപ്പെടുത്തി ആ അറകള്‍ തുറക്കാന്‍ വിധി നേടി. തനിക്കു അനുകൂലമായി കിട്ടിയ വിധി നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ മുടക്കിയ സന്നാഹങ്ങള്‍ വിനിയോഗിച്ചു. വിധി നടപ്പായി. ഇനി ഇയാള്‍ പറയണം അത് കൊണ്ട് ആര്‍ക്കെങ്കിലും നേട്ടം ഉണ്ടായോ?
ഇല്ല എന്ന് മാത്രമല്ല അത് മൂലം കേരളത്തിന്റെ സമാധാനം തന്നെ നഷ്ടപ്പെടുന്നു. ഒരു ലക്ഷമോ അതിലധികമോ കോടിയുടെ ആസ്തിയുള്ള ക്ഷേത്രത്തിന്റെ ഒരു രൂപ പോലും എടുക്കാന്‍ ഭക്തര്‍ അനുവദിക്കില്ല. അത് എടുക്കാനും നമുക്ക് അവകാശമില്ല. ഒരു സ്ഥാപനത്തിന്റെ സൂക്ഷിപ്പ് മുതല്‍ കാലപ്പഴക്കം ഉണ്ട് എന്നും അത് കൊണ്ട് നിധിയുടെ പരിധിയില്‍ പെടുത്തി സര്‍ക്കാര്‍ എടുക്കണം എന്നും ഒക്കെ പറയുന്നത് ഒരു തരം കൊള്ളക്കാരുടെ ആദര്‍ശ പ്രസംഗം മാത്രം ആണ്. ആ ക്ഷേത്രം അവിടെ സ്ഥിതി ചെയ്യുന്ന കാലത്തോളം അതില്‍ ഒരു രൂപ പോലും ആ ക്ഷേത്രത്തിന്റെ ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കാന്‍ പാടില്ല.
എന്നാല്‍ ഇനി മുതല്‍ ആ ക്ഷേത്രത്തിന്റെ അവസാനം വരെ, ഒരു വേള ലോകാവസാനം വരെ അവിടെ സര്‍ക്കാരിന്റെ സായുധ സേനയുടെ കാവല്‍ നിര്‍ബന്ധമായി. മനസ്സമാധാനം തേടി ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക്‌ മനസ്സമാധാനം പോയി എന്ന് മാത്രമല്ല പൂജക്കും കാണിക്ക അര്‍പ്പിക്കുന്നതിനും ഒക്കെ ആയി ഭക്തര്‍ കയ്യില്‍ എന്തിയ സാധനങ്ങള്‍ വരെ ഇനി മുതല്‍ ആദ്യം കാണിക്ക വെക്കേണ്ടി വരുന്നത് സുരക്ഷ ഭടന്മാരുടെ മുന്നില്‍. തന്റെ സങ്കടം പറഞ്ഞു തൊഴുന്ന ഭക്തന്‍ രണ്ടു മിനിറ്റ് സമയം കൂടുതല്‍ എടുത്തു തൊഴുതാല്‍ സുരക്ഷ ഭടനും വേവലാതി ആകും. അവനും കാണുമല്ലോ കുടുംബവും കുട്ടികളും.
പരിശുദ്ധിയോടെ മുണ്ടും ഉടുത്തു പ്രവേശിച്ചിരുന്ന ക്ഷേത്രത്തില്‍ സുരക്ഷ ഭടനും അങ്ങിനെ തന്നെ കാവല്‍ നില്കട്ടെ എന്ന് പറയാന്‍ പറ്റുമോ?. അതും ഇല്ല. ഇനി ഇതൊക്കെ പോകട്ടെ ഇപ്പോള്‍ തന്നെ ആരൊക്കെ അനാവോ ഈ മഹാ നിധി കുംഭം സ്വപ്നം കണ്ടു നടക്കുന്നത്. അത്തരക്കാര്‍ക്കു ഏറ്റവും എളുപ്പം അവിടെ ഒരു കലാപം ഉണ്ടാക്കുക എന്നുള്ളതായിരിക്കും. അതിനു ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും നല്ല ആയുധം വര്‍ഗീയവും ആയിരിക്കും. ഇത്രയും കാലം സമാധാനം മാത്രം നല്‍കിയിരുന്ന ഒരു ക്ഷേത്രത്തെ പാടെ സമാധാനം നഷ്ടപ്പെടുത്തുന്ന ഒരു ഇടം ആക്കി മാറ്റിയത് ആര്.
ഉള്ളത് പറയണമല്ലോ, മാധ്യമങ്ങളില്‍ മുഖം കാണിക്കാന്‍ ഒരു അവസരം കിട്ടാതെ നടന്നിരുന്ന ചില ......നായകന്മൊക്കെ തല പൊക്കി തുടങ്ങി. അഭിപ്രായം പറയാന്‍ ഒരു ചേതവും ആര്‍ക്കും ഇല്ലല്ലോ. ആ മുതല്‍ മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന് ചിലര്‍. നാടിന്റെ പട്ടിണി മാറ്റാന്‍ ഉപയോഗിക്കണം അതെന്നാണ്‌ ഇവരുടെ വാദം. വീടിലേക്ക്‌ യാചിച്ചെത്തുന്ന പാവങ്ങള്‍ക്ക് വീട്ടിലുള്ള പശുവിനു നല്‍കാന്‍ വെച്ച പഴം കഞ്ഞിയില്‍ നിന്ന് പോലും അല്പം നല്‍കാത്ത ചിലരുടെയൊക്കെ സ്നേഹം! മറ്റൊരു കൂട്ടരുടെ മുറവിളി ഭയങ്കര തമാശയായി തോന്നി. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ ഇന്നത്തെ പോലെ വീടുകളില്‍ കുളിമുറികള്‍ ഒന്നും ഉണ്ടായിരുന്നില്ല. മൂളിപ്പാട്ട് പാടി ഗ്രാമങ്ങളുടെ നെഞ്ചിലൂടെ ഒഴുകിയെത്തുന്ന തോടുകളില്‍ ആയിരുന്നു ഞങ്ങള്‍ എല്ലാം കുളിച്ചിരുന്നത്. അതിനു വാക്കിലൂടെ വഴികളും ഉണ്ടാകും. അവിടെ കുളിക്കാനിറങ്ങുന്ന സ്ത്രീകള്‍ ആ വഴിയിലൂടെ ആരെങ്കിലും വരുന്നു എന്ന് തോന്നിയാല്‍ വിളിച്ചു പറയും. നോക്കീന്‍ നോക്കീന്‍ ഇവിടെ കുളിക്കുന്നുണ്ട്. ഇങ്ങോട്ട് നോക്കല്ലേ എന്ന്. മറ്റെന്തോ ചിന്തയില്‍ ഇതൊന്നും കാണാതെ പോകുന്ന ആളാണെങ്കില്‍ ഒന്ന് നോക്കും. അതെ പോലെ ആണ് ഈ പണം ക്ഷേത്രത്തിന്റെതാണ്. ഇതില്‍ നിന്ന് ഒരു പൈസ എടുക്കാന്‍ എന്റെ പാര്‍ട്ടി സമ്മതിക്കില്ല. ഇതില്‍ സര്‍ക്കാരിനും രാജാ കുടുംബത്തിനും ഒന്നും ഒരു അവകാശവും ഇല്ല എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ഓര്മ വരുന്നത്. സര്‍ക്കാരോ രാജകുടുംബാമോ ഒന്നും ഇതില്‍ ഒരു അവകാശവും ഉന്നയിച്ചിട്ടില്ല എന്ന് കൂടി ഓര്‍ക്കണം. അപ്പോഴാണ്‌ കുളിക്കടവിലെ സംഭവങ്ങളുമായി ഇത് യോജിക്കുന്നത്. മറ്റൊരാള്‍ അതിലും കൊട്ടി മറ്റു മത വിശ്വാസികളുടെ നെഞ്ചില്‍ ഒരു കൊട്ട്. ഈ ധനം ഹിന്ദുക്കള്‍ നോക്കിക്കോളാം. മറ്റു മതക്കാരുടെ ധനം ഒക്കെ സര്‍ക്കാര്‍ ഇത് പോലെ എടുക്കുന്നുണ്ടോ എന്നൊക്കെ യാണ് മൂപ്പിലാന്റെ ചോദ്യം. കേട്ടാല്‍ തോന്നും ഇതൊക്കെ ചെയ്യിച്ചത് മറ്റു മത വിശ്വാസികള്‍ ആണ് എന്നാണു. അദ്ദേഹത്തോട് ഒന്നേ പറയാനുള്ളൂ. ആ ധനം ഹിന്ദുക്കള്‍ നോക്കട്ടെ. അല്ലാതെ എന്താണ് ക്ഷേത്രം എന്ന് പോലും അറിയാത്ത ഹിന്ദുവിനെ വിറ്റ് തിന്നുന്ന ചിലരുടെ കയ്യില്‍ ആകരുത് ഇതിന്റെ മേല്‍നോട്ടം.
ഇത്തരം വ്യവഹാരങ്ങള്‍ വരുമ്പോള്‍ ബഹുമാനപ്പെട്ട കോടതികള്‍ അത് വിധി പറയുന്നതിന്റെ മുന്നേ വ്യ്വഹാരിയോടു ഒരു ചോദ്യം ചോദിക്കാന്‍ ദയവുണ്ടാകണം. ഈ കേസില്‍ താങ്കള്‍ക്ക് അനുകൂലമായി വിധിയുണ്ടയാല്‍ ഇത് കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടോ എന്ന്. ഉണ്ടെങ്കില്‍ അയാള്‍ കാണുന്ന ഗുണം എന്താണെന്ന്. ഒരു ഗുണവും ഒരാള്‍ക്കും ഇല്ലെങ്കില്‍ കോടതികള്‍ തങ്ങളുടെ വിലപ്പെട്ട സമയം കളയാതെ ഇത്തരം ഹരജികള്‍ കുപ്പത്തൊട്ടിയിലേക്ക്‌ എറിയുന്നതിനുള്ള ദയവു കാണിക്കണം. നിങ്ങളുടെ ദയവു പ്രതീക്ഷിച്ചു കാത്തിരിക്കുന്ന ഒരു പാട് പേരുടെ ജീവിതങ്ങള്‍ നിങ്ങളുടെ മുറിയിലെ അലമാരകളില്‍ വിശ്രമിക്കുന്നു എന്ന് നിങ്ങള്‍ ഓര്‍ക്കണം. പേരില്‍ ജനാധിപത്യവും പരിപാടികളില്‍ പാര്‍ട്ടി ആധിപത്യവും നടക്കുന്ന നമ്മുടെ നാട്ടില്‍ ഇനി സാധാരണക്കാരന് അല്പം പ്രതീക്ഷയുള്ളത് നിങ്ങളുടെ കൈകളില്‍ ആണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങളുടെ സമയം അനാവശ്യമായ ഇത്തരം വ്യവഹാരികള്‍ക്ക് ആയെങ്കില്‍ തെങ്ങ് പോയെങ്ങില്‍ പൊങ്ങ് എന്ന് കരുതി വ്യവഹാര കളികള്‍ നടത്തുന്നവര്‍ക്ക് തട്ടിക്കളിക്കാന്‍ ഉള്ളതല്ല എന്ന് നിങ്ങള്‍ അറിയണം. ഇത്തരം വിധികള്‍ നിങ്ങള്‍ ആത്മാര്‍ത്ഥമായി വിധിച്ചതാണ് എങ്കില്‍ കൂടി അതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണക്കാരുടെ ശാപ വചനങ്ങളില്‍ നിങ്ങള്‍ കൂടി ഉണ്ടായിരിക്കും എന്ന് നിങ്ങള്‍ ചിന്തിക്കണം.

No comments:

Post a Comment

THANKS FOR YOUR VALUABLE COMMENTS.