Monday, August 30, 2010

മഅദനി എന്ന നേര്‍ച്ചക്കോഴി

ഞങ്ങളുടെ നാട്ടില്‍ പല സമുദായങ്ങള്‍ക്ക് ഇടയിലും കോഴി ആട് മാട് എന്നിവയെ നേര്‍ച്ച ആക്കുന്ന ഒരു പതിവ് ഉണ്ട്. ഈ നേര്‍ച്ച ക്കൊഴിയെ വളരെ ഉയര്‍ന്ന നിലയിലാണ് പരിചരിക്കുന്നത്. ഇതാണ് മഅദനി യുടെ അറസ്റ്റ് നടന്നപ്പോള്‍ ഓര്‍ത്തത്.
ഈ കോഴികളെ പരിചരിക്കുമ്പോള്‍ എന്നോടുള്ള സ്നേഹം കൊണ്ടാണ് ഇതൊക്കെ എന്ന് കോഴിക്ക് തോന്നിയാല്‍ എന്ത് ചെയ്യും. കോഴിയെ സമയം ആകുമ്പോള്‍ ദേവ പ്രീതിക്കായി നേര്‍ച്ച ആക്കിയവര്‍ അറുക്കും. അത്ര തന്നെ. കോഴിയെ പരിചരിക്കുന്നതും കുറുക്കന്‍ പിടിക്കാതെ നോക്കുന്നതും ഒന്നും കൊഴിയോടുള്ള സ്നേഹമല്ല. മറിച്ചു ഈ കോഴിയെ കൊന്നാല്‍ കിട്ടുന്ന ദൈവ പ്രീതി ഓര്‍ത്താണ്. നേര്‍ച്ച ആകുന്നതിനും ഉണ്ട് ചില നിബന്ധനകള്‍. ഏതെങ്കിലും ചാവാലികളെ ഒന്നും നേര്‍ച്ച ആക്കാറില്ല. കുറെയൊക്കെ ചോരയും നീരും ഉള്ളത് വേണം. അതായിരുന്നു മഅദനി. ഐ എസ് എസ് ആയിരുന്ന കാലത്തെ വായാടിത്തരങ്ങള്‍ ഈ കോഴി നേര്‍ച്ച ആക്കാന്‍ പറ്റുമെന്ന് പലര്‍ക്കും മനസ്സിലാക്കി കൊടുക്കുന്ന രീതിയില്‍ ആയിരുന്നു. മാര്‍ക്സിസ്റ്റുകാര്‍ മുസ്ലിം ലീഗിനെ തകര്‍ക്കാനായിരുന്നു ഈ കോഴിയെ നേര്‍ച്ച ആക്കിയത് എങ്കില്‍ ബി ജെ പി പുതിയ അക്കൗണ്ട്‌ തുറക്കാന്‍ ആയിരുന്നു. കോണ്‍ഗ്രെസ്സുകാര്‍ക്ക് തങ്ങളുടെ മതെതരത്തം പരസ്യപ്പെടുത്താന്‍ ആയിരുന്നു ഈ കോഴിയെ കണ്ടത് എങ്കില്‍ ലീഗുകാര്‍ തങ്ങള്‍ക്ക് ദൈവത്തിലോന്നും വിശ്വാസം ഇല്ല എന്ന് വരുത്തി തീര്‍ക്കാന്‍ ചില നിരീശ്വര വാദികള്‍ നേര്‍ച്ച കോഴികളെ കല്ലെറിഞ്ഞു ആട്ടുന്ന രീതിയില്‍ ഞങ്ങളെ ഒന്നും ചെയ്യാന്‍ ആവില്ല എന്ന് വരുത്താന്‍ മഅദനിയെ കല്ലെറിയുക ആയിരുന്നു. കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പിനടുത്തു സൂഫിയ യുടെ കണ്ണീര്‍ പുരാണം മാത്രമായിരുന്നു കൈരളിയില്‍ കുഞ്ഞാലിക്കുട്ടി മാത്രമാണ് തങ്ങള്‍ ഭീകരവാദികള്‍ ആണെന്ന് പറയുന്നത് എന്നായിരുന്നു അവരുടെ ആവലാതി അദ്വാനി പോലും മാന്യമായി സംസാരിച്ചുവെന്നും ലീഗിനും കുഞ്ഞാലിക്കുട്ടിക്കും മാത്രമാണ് തങ്ങള്‍ ഭീകരവാദികള്‍ എന്നുമായിരുന്നു അവരുടെ മൊഴി. എന്നിട്ടും അവര്‍ തോറ്റു. മൂര്‍ത്തി കടാക്ഷിക്കാതെ ഇരുന്നത് ബലിയിട്ട കോഴിയുടെ കുഴപ്പം എന്ന് കണ്ടെത്തി. എന്നിട്ടും നമ്മുടെ പാവം കോഴിക്കുണ്ടോ തിരിയുന്നു. അത് കരുതി ഇതൊക്കെ എന്റെ മഹാത്മ്യം എന്ന്. നോക്കണേ ഒരു ഗതി. ലീഗിനെ തകര്‍ക്കാന്‍ വേണ്ടി വളര്‍ത്താന് ‍നേര്‍ച്ച ആക്കിയവര്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഹോമിക്കാന്‍ നേര്‍ച്ച ആക്കി. ഹോമ കുണ്ടത്തില്‍ നിന്ന് പുറത്തു വന്നപ്പോള്‍ അവര്‍ തന്നെ നെറ്റിപ്പട്ടം കെട്ടി നഗരം ചുറ്റിച്ചു. കൂടെ നടത്തി സ്നാനം നടത്തിച്ചു. അപ്പോള്‍ വീണ്ടും ഹോമ കുണ്ടത്തിലേക്ക്. അറുക്കണോ പൂജിച്ചാല്‍ മതിയോ പ്രാര്‍ത്ഥന യുടെ ഫല പ്രാപ്തി നോക്കി പൂചാരി പറയും. യോഗം തുടങ്ങിയപ്പോള്‍ പലര്‍ക്കും പലതുമുണ്ട് പറയാന്‍. ദൈവവും പിശാചും പൂചാരിയും ഒന്നും പിണങ്ങരുതല്ലോ. കേരള പോലീസ് പറയുന്നു ഞങ്ങള്‍ കേമന്മാര്‍. ഒന്നും പറ്റിയില്ലല്ലോ മറ്റു കോഴികളൊന്നും കയ്യില്‍ കൊത്തുകയും പാറിപ്പോവുകയും ചെയ്യാതെ ഞങ്ങള്‍ പിടിച്ചല്ലോ
പോലീസ് മന്ത്രി പറഞ്ഞത് ഞങ്ങള്‍ പിടിച്ചിട്ടില്ല വലയില്‍ ആക്കിയിട്ടെ ഉള്ളൂ. ആ കോഴി മറ്റു കോഴികളെ എപ്പോളും കൊത്താര്‍ ഉണ്ടെന്നു തനിക്കറിയാം എന്ന് ആര്യാടന്‍. കൃഷ്ണയ്യര്‍ വക മാ നിഷാദ. ഒരിക്കല്‍ ഹോമം നടത്തിയ കോഴിയെ ഇനിയും വേണ്ടിയിരുന്നില്ല എന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. കൂട്ടിലാക്കാന്‍ വൈകിയത് എന്തെന്ന് പറയണം എന്ന് കോണ്‍ഗ്രസ്‌. അവസാനം പീടിപ്പിക്കരുത് എന്ന് ലീഗ്.പറയുന്നത് മുഴുവന്‍ കോഴിയെ പിടിച്ചു പൂജാരി ഹോമവും തുടങ്ങിയിട്ട് ആണ് എന്നത് വേറെ കാര്യം. പൊതുജനം എന്ന സമ്മതിദാന മൂര്‍ത്തി പ്രസാദിക്കണം എങ്കില്‍ രാഷ്ട്രീയ ഭക്തന്മാര്‍ ചെയ്യേണ്ട ഓരോരോ ബലി കര്‍മങ്ങളെ

Friday, August 6, 2010

നീയറുത്തെടുത്ത കൈ

സഹോദരാ..

ഞാന്‍ വിശ്വസിക്കുന്നില്ല

നീയും ഒരമ്മയില്ലാത്ത

ഒരു കുഞ്ഞു പെങ്ങളില്ലാത്ത..

ഒരുവനെന്ന്..

വിളമ്പി വെച്ച ചോറിനു മുമ്പില്‍

നിനക്കായ്

കൈകുഞ്ഞുമായി കാത്തിരിക്കുന്ന

ഒരുത്തിയില്ലെന്ന്..

ഞാന്‍ വിശ്വസിക്കുന്നില്ല

നീയത് ചെയ്തത്

പവിത്രമായ

ഒരു വിശ്വാസ സംഹിതക്ക് വേണ്ടിയാണെന്ന്..

പവിത്രമായ

ഒരു നാമധേയത്തിന്റെ പേരിലാണെന്ന്..

നീയറിയുക,

നീയൊരുത്തന്റെ

നിന്നെയൊരുക്കിയവനൊരുത്തന്റെ

കാരുണ്യമില്ലാതെ..

കാവലില്ലാതെ..

പതിനാലു നൂറ്റാണ്ട്..

പതിനാലു നൂറ്റാണ്ടിനുമേല്‍..

ആ നാമധേയം ചരിത്രത്തിനു മേല്‍ തിളങ്ങുന്നുവെങ്കില്‍..

നീയറിയുക,

ഒരു വിഡ്ഡിയുടെ "വചനങ്ങള്‍" കൊണ്ടോ..

ഒരു തൂലികയിലെ "ഹാസ്യ രേഖ" കൊണ്ടോ..

ഒരു തലതിരിഞ്ഞവളുടെ "ലജ്ജ"യില്ലായ്മ കൊണ്ടോ..

ഒരു വിവരദോഷിയുടെ തരം താണ ചിന്ത കൊണ്ടോ..

അവനൊരു തരിമ്പു പോറലും ഏല്‍ക്കയില്ലെന്ന്..

അറുത്തെടുത്ത ഒരു കൈ കൊണ്ടവന്ന്

നീ കെട്ടിയുണ്ടാക്കേണ്ട ഒരു യശസ്സുമില്ലെന്ന്..

നിനക്ക് വേണ്ടാതെ പോയ

നീയറുത്തെടുത്ത കൈ

അതാര്‍ക്ക് വേണ്ടി..

നിന്റെ അമ്മയ്ക്ക്..?

ഭാര്യ,മക്കളിലാര്‍ക്കെങ്കിലും..?

എന്തായാലും

അതെനിക്ക് വേണ്ടാ..

എന്റെ സമുദായത്തിനും അത് വേണ്ട..

ഞാന്‍ സ്നേഹിക്കുന്ന

വിശ്വാസത്തിനും വേണ്ട..

പിന്നെ ആര്‍ക്കു വേണ്ടി നീ ആ കൈ അറുത്തു..

ഒരു കൈ നീ അറുത്തെടുക്കുമ്പോള്‍

നിനക്ക് പണമെറിഞ്ഞു തന്നവര്‍..

വാഹനമൊരുക്കിയവര്‍..

അവരുടെ നീചമായ ഒരു സ്വപ്നത്തിനായി

ഒരു കൈ നീ അറുക്കുമ്പോള്‍

നിനക്കുപിന്നിലോളിഞ്ഞു നിന്നവര്‍

അറുത്തെടുത്തത്

നിന്റെ കൈയല്ല

മറിച്ച് നിന്റെ ഹൃദയം

തന്നെയെന്ന് നീയറിഞ്ഞുവോ..

(ആട്ടെ..ഹൃദയമെന്നൊന്നുണ്ടോ നിനക്ക്..

പടപടാന്ന് മിടിക്കുന്ന നെഞ്ചിന്‍ കൂടിനകത്തെ ആ സാധനം..?)

നിന്റെ കയ്യിലാ ആയുധം പിടിപ്പിച്ചവര്‍

രക്തം കൊതിക്കുന്ന കുറുക്കന്മാരെന്ന് നീയറിഞ്ഞിട്ടും

വൈകാതെയൊരു നാളില്‍ നീ

നിയമത്തിനു മുന്‍പിലെത്തുമെന്നറിഞ്ഞിട്ടും

നിന്നെ വെച്ച് ഈ നാടിന്റെ നെഞ്ചിലേക്ക് കഠാരയിറക്കാന്‍

കാത്തിരിക്കുന്നവര്‍..

ഒറ്റുകൊടുക്കാന്‍ കുപ്പായം മാറ്റി ഇറങ്ങിയവര്‍..

ആ കുപ്പായത്തിനുള്ളില്‍ പതിയിരിക്കുന്ന

ചെകുത്താനോടു കുശലം പറഞ്ഞാണല്ലോ

നീയാ കൈപ്പത്തി വെട്ടി മാറ്റിയത്..

എനിക്കറിയാം..

കടമ കഴിഞ്ഞു കാശും വാങ്ങി നീ ഇരുളിലൊളിഞ്ഞു..

ഇനി അവരു കാത്തിരിക്കും..

എത്ര തല വീഴുമെന്നെണ്ണി..

എത്ര നിരപരാധികള്‍ ഇരുട്ടിനു

കൂട്ടായി നിലവിളിക്കുമെന്നെണ്ണി..

എത്രയമ്മമാര്‍ നെഞ്ചത്തടിച്ചു കരഞ്ഞു

ചലനമറ്റ ശരീരം പുല്‍കുമെന്നെണ്ണി..

അതുകണ്ട് പൊട്ടിച്ചിരിക്കാന്‍ നിമിഷങ്ങളെണ്ണുന്നവര്‍..

ഇനി നിന്റെ മൊബൈല്‍ കരയും വരേ

നിനക്ക് വിശ്രമം വിധിച്ചിരിക്കുന്നു..

നിനക്ക് ചില്ലിട്ട് വെക്കാന്‍

ഒരു ജനതയുടെ മുഴുവന്‍ ശാപവും ഏറ്റുവാങ്ങിയ

നിനക്കുള്ള അവാര്‍ഡ്..

മത നിന്ദയുടെ കൊടും‌വിഷമൊഴുകുന്ന ചീഞ്ഞളിഞ്ഞ

അഴുകിദ്രവിച്ച ഹൃദയമുള്ള

നിനക്ക് ഒരു താലത്തില്‍

സമ്മാനിക്കുന്നു..

നീ വെട്ടിയെടുത്ത

നീയവിടെയിട്ടിട്ടു പോയ

നീയറുത്തെടുത്ത കൈ.

സ്വീകരിക്കുക..

അമ്മയില്‍ ജനിക്കാത്ത

പിതൃശൂന്യനായ

പെങ്ങളില്ലാത്ത

ഭാര്യമക്കളേതുമില്ലാത്ത

മനുഷ്യനല്ലാത്ത

നിനക്ക് മറ്റെന്തവാര്‍ഡ് ഞാന്‍ നല്‍കും..????