Friday, August 6, 2010

നീയറുത്തെടുത്ത കൈ

സഹോദരാ..

ഞാന്‍ വിശ്വസിക്കുന്നില്ല

നീയും ഒരമ്മയില്ലാത്ത

ഒരു കുഞ്ഞു പെങ്ങളില്ലാത്ത..

ഒരുവനെന്ന്..

വിളമ്പി വെച്ച ചോറിനു മുമ്പില്‍

നിനക്കായ്

കൈകുഞ്ഞുമായി കാത്തിരിക്കുന്ന

ഒരുത്തിയില്ലെന്ന്..

ഞാന്‍ വിശ്വസിക്കുന്നില്ല

നീയത് ചെയ്തത്

പവിത്രമായ

ഒരു വിശ്വാസ സംഹിതക്ക് വേണ്ടിയാണെന്ന്..

പവിത്രമായ

ഒരു നാമധേയത്തിന്റെ പേരിലാണെന്ന്..

നീയറിയുക,

നീയൊരുത്തന്റെ

നിന്നെയൊരുക്കിയവനൊരുത്തന്റെ

കാരുണ്യമില്ലാതെ..

കാവലില്ലാതെ..

പതിനാലു നൂറ്റാണ്ട്..

പതിനാലു നൂറ്റാണ്ടിനുമേല്‍..

ആ നാമധേയം ചരിത്രത്തിനു മേല്‍ തിളങ്ങുന്നുവെങ്കില്‍..

നീയറിയുക,

ഒരു വിഡ്ഡിയുടെ "വചനങ്ങള്‍" കൊണ്ടോ..

ഒരു തൂലികയിലെ "ഹാസ്യ രേഖ" കൊണ്ടോ..

ഒരു തലതിരിഞ്ഞവളുടെ "ലജ്ജ"യില്ലായ്മ കൊണ്ടോ..

ഒരു വിവരദോഷിയുടെ തരം താണ ചിന്ത കൊണ്ടോ..

അവനൊരു തരിമ്പു പോറലും ഏല്‍ക്കയില്ലെന്ന്..

അറുത്തെടുത്ത ഒരു കൈ കൊണ്ടവന്ന്

നീ കെട്ടിയുണ്ടാക്കേണ്ട ഒരു യശസ്സുമില്ലെന്ന്..

നിനക്ക് വേണ്ടാതെ പോയ

നീയറുത്തെടുത്ത കൈ

അതാര്‍ക്ക് വേണ്ടി..

നിന്റെ അമ്മയ്ക്ക്..?

ഭാര്യ,മക്കളിലാര്‍ക്കെങ്കിലും..?

എന്തായാലും

അതെനിക്ക് വേണ്ടാ..

എന്റെ സമുദായത്തിനും അത് വേണ്ട..

ഞാന്‍ സ്നേഹിക്കുന്ന

വിശ്വാസത്തിനും വേണ്ട..

പിന്നെ ആര്‍ക്കു വേണ്ടി നീ ആ കൈ അറുത്തു..

ഒരു കൈ നീ അറുത്തെടുക്കുമ്പോള്‍

നിനക്ക് പണമെറിഞ്ഞു തന്നവര്‍..

വാഹനമൊരുക്കിയവര്‍..

അവരുടെ നീചമായ ഒരു സ്വപ്നത്തിനായി

ഒരു കൈ നീ അറുക്കുമ്പോള്‍

നിനക്കുപിന്നിലോളിഞ്ഞു നിന്നവര്‍

അറുത്തെടുത്തത്

നിന്റെ കൈയല്ല

മറിച്ച് നിന്റെ ഹൃദയം

തന്നെയെന്ന് നീയറിഞ്ഞുവോ..

(ആട്ടെ..ഹൃദയമെന്നൊന്നുണ്ടോ നിനക്ക്..

പടപടാന്ന് മിടിക്കുന്ന നെഞ്ചിന്‍ കൂടിനകത്തെ ആ സാധനം..?)

നിന്റെ കയ്യിലാ ആയുധം പിടിപ്പിച്ചവര്‍

രക്തം കൊതിക്കുന്ന കുറുക്കന്മാരെന്ന് നീയറിഞ്ഞിട്ടും

വൈകാതെയൊരു നാളില്‍ നീ

നിയമത്തിനു മുന്‍പിലെത്തുമെന്നറിഞ്ഞിട്ടും

നിന്നെ വെച്ച് ഈ നാടിന്റെ നെഞ്ചിലേക്ക് കഠാരയിറക്കാന്‍

കാത്തിരിക്കുന്നവര്‍..

ഒറ്റുകൊടുക്കാന്‍ കുപ്പായം മാറ്റി ഇറങ്ങിയവര്‍..

ആ കുപ്പായത്തിനുള്ളില്‍ പതിയിരിക്കുന്ന

ചെകുത്താനോടു കുശലം പറഞ്ഞാണല്ലോ

നീയാ കൈപ്പത്തി വെട്ടി മാറ്റിയത്..

എനിക്കറിയാം..

കടമ കഴിഞ്ഞു കാശും വാങ്ങി നീ ഇരുളിലൊളിഞ്ഞു..

ഇനി അവരു കാത്തിരിക്കും..

എത്ര തല വീഴുമെന്നെണ്ണി..

എത്ര നിരപരാധികള്‍ ഇരുട്ടിനു

കൂട്ടായി നിലവിളിക്കുമെന്നെണ്ണി..

എത്രയമ്മമാര്‍ നെഞ്ചത്തടിച്ചു കരഞ്ഞു

ചലനമറ്റ ശരീരം പുല്‍കുമെന്നെണ്ണി..

അതുകണ്ട് പൊട്ടിച്ചിരിക്കാന്‍ നിമിഷങ്ങളെണ്ണുന്നവര്‍..

ഇനി നിന്റെ മൊബൈല്‍ കരയും വരേ

നിനക്ക് വിശ്രമം വിധിച്ചിരിക്കുന്നു..

നിനക്ക് ചില്ലിട്ട് വെക്കാന്‍

ഒരു ജനതയുടെ മുഴുവന്‍ ശാപവും ഏറ്റുവാങ്ങിയ

നിനക്കുള്ള അവാര്‍ഡ്..

മത നിന്ദയുടെ കൊടും‌വിഷമൊഴുകുന്ന ചീഞ്ഞളിഞ്ഞ

അഴുകിദ്രവിച്ച ഹൃദയമുള്ള

നിനക്ക് ഒരു താലത്തില്‍

സമ്മാനിക്കുന്നു..

നീ വെട്ടിയെടുത്ത

നീയവിടെയിട്ടിട്ടു പോയ

നീയറുത്തെടുത്ത കൈ.

സ്വീകരിക്കുക..

അമ്മയില്‍ ജനിക്കാത്ത

പിതൃശൂന്യനായ

പെങ്ങളില്ലാത്ത

ഭാര്യമക്കളേതുമില്ലാത്ത

മനുഷ്യനല്ലാത്ത

നിനക്ക് മറ്റെന്തവാര്‍ഡ് ഞാന്‍ നല്‍കും..????

No comments:

Post a Comment

THANKS FOR YOUR VALUABLE COMMENTS.