Friday, January 14, 2011

ഭരണിക്കാവ് ഇരഞ്ഞിപ്പലം. അപകടങ്ങള്‍ക്ക് ഒരു മറു വായന

ഇന്ന് ഉണര്‍ന്നത് തന്നെ രണ്ടു അപകട വാര്‍ത്തകളുടെ വിവരണങ്ങളും ഒരു പിതാവിനെയും കുഞ്ഞിനേയും കൊന്നൊടുക്കിയ ഭരണിക്കാവ് അപകടം തീര്‍ത്തും മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. എന്നാല്‍ എരഞ്ഞിപ്പാലം അപകടം എനിക്ക് വലിയ സങ്കടം ഒന്നും തോന്നിയില്ല. കാരണം പറയുന്നതിനു മുംബ് ഈ രണ്ടു സ്ഥലങ്ങളിലും നാട്ടുകാരുടെ പക്ഷത്തു നിന്നുണ്ടായ പ്രതികരണങ്ങള്‍ ആണ് നമ്മള്‍ ചിന്തിക്കേണ്ടത്. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ ഞാന്‍ അടക്കം എല്ലാവരും ചെയ്യുന്നതാണ് ജനങ്ങള്‍ ചെയ്തത് എന്തു ശരി. എന്നാല്‍ തത്വത്തില്‍ ഈ പ്രതികരണങ്ങള്‍ ശരിയാണോ?. അത് കൊണ്ട് അവര്‍ക്ക് നഷ്ടപ്പെട്ടവരെ തിരിച്ചു കിട്ടുമോ?. ഇല്ല. എന്നാല്‍ നാട്ടുകാര്‍ ചെയ്യേണ്ടത് എന്ത്?. പ്രതികരിക്കേണ്ടത് എങ്ങിനെ?.
ഇവിടെ ഞാന്‍ എന്റെ ഒരു അമ്മാവന്റെ സ്വഭാവം വായനക്കാരെ അറിയിക്കുന്നു. എനിക്ക് ഏറ്റവും നല്ല രീതിയായി അന്നും ഇന്നും തോന്നുന്ന രീതി. അതായതു ഞങ്ങള്‍ ഒക്കെ എന്ത് ചെയ്യുന്നു എന്ന് അറിഞ്ഞാലും അതിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും അപകടകരം ആയ പ്രവര്‍ത്തികള്‍ ചെയ്തു എന്ന് അറിഞ്ഞാല്‍ ശക്തമായി ശാസിക്കുകയും ചെയ്തിരുന്ന എന്റെ അമ്മാവന്‍ അപകടം സംഭവിച്ചാല്‍ ഞങ്ങളോട് ഒരിക്കലും ദേഷ്യപ്പെടുമായിരുന്നില്ല. ഒരിക്കല്‍ ബ്രൈക്ക് കുറവുള്ള സൈക്കളും ആയി ഞാന്‍ യാത്ര ചെയ്തത് അറിഞ്ഞ എന്നെ അമ്മാവന്‍ ശാസിച്ചത് കുറച്ചൊന്നും അല്ല. അവസാനം എന്തിനാണ് നിങ്ങള്‍ അവനെ ഇങ്ങനെ ശാസിക്കുന്നത് അവനു അത് കൊണ്ട് ഒന്നും സംഭവിച്ചിട്ടില്ലല്ലോ എന്ന അമ്മായിയുടെ വാക്കിനു അപകടം സംഭവിച്ചിട്ടു പറഞ്ഞിട്ട് എന്ത് കാര്യം അതിനു മുംബ് ആണ് കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് എന്ന് അദ്ദേഹം പറയുന്നത് വരെ അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥത എനിക്ക് മനസ്സിലായിരുന്നില്ല. എല്ലാവരും അവസരങ്ങള്‍ കിട്ടുന്ന പോലെ ശാസിക്കുന്നു. അത്ര മാത്രമേ ഞാന്‍ കണക്കു കൂട്ടിയിട്ടുണ്ടായിരുന്നുള്ളൂ.
ഇവിടെ ഇത് പറയാന്‍ കാരണം ഭരണിക്കാവില്‍ കൂടി ആ ബസ്‌ ആദ്യ യാത്ര ഒന്നും ആവില്ല. ഇതേ സ്പീടിലും ഇതില്‍ കൂടുതല്‍ വേഗതയിലും ഓടിയിട്ടുണ്ടാവും. അന്നൊന്നും ആരും ഇവരെ കൈകാര്യം ചെയ്യാതെ വിട്ടു. അത് ഇവര്‍ക്ക് വേഗത മത്സരം നടത്താന്‍ പ്രോത്സാഹനം നല്‍കി. കൂട്ടത്തില്‍ പ്രസ്ഥാനങ്ങള്‍ എന്ന ഭീഷണി കാണിച്ചു നാട്ടുകാരെ മെരുക്കാം എന്നും ഇവര്‍ മനസ്സിലാക്കി. എന്നാല്‍ നാട്ടുകാര്‍ ചെയ്യേണ്ടത് എന്ത്? അവര്‍ ഒന്നിക്കണം. നന്മയുടെ ഭാഗത്ത്. കുറച്ചു വര്‍ഷം മുന്പ് മലപ്പുറം ജില്ലയില്‍ ഉണ്ടായ ഒരു സംഭവം ഞാന്‍ ഇവിടെ കുറിക്കട്ടെ. മലപ്പുറത്ത് നിന്ന് കോഴിക്കോട്ടു ഭാഗത്തേക്ക് എപ്പോഴും ബസ്‌ ഉണ്ട്. എല്ലാം ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സുകള്‍. അതിലൊന്നില്‍ ഈ നിയമ വശങ്ങള്‍ ഒന്നും അറിയാത്ത ഒരു പാവം മലപ്പുറത്ത് നിന്ന് അങ്ങോട്ട്‌ യാത്ര ചെയ്തു. അവിടെ നിര്‍ത്താന്‍ കൂട്ടാക്കാതിരുന്നതിനെതിരെ പ്രതികരിച്ചവരോട് കിളി നിങ്ങള്‍ എന്താ എന്നെ മൊട്ട അടിക്കുമോ എന്ന് ചോദിച്ചു. കുറച്ചു അപ്പുറത്തെ സ്റ്റോപ്പില്‍ നിര്‍ത്തി ഇറങ്ങിയ ആ വൃദ്ധനോട് അവിടെ ഇറങ്ങാന്‍ കാരണം ചോദിച്ച ആളുകളോട് ഇയാള്‍ ഉണ്ടായ കാര്യം വിവരിച്ചു. ഇത് കേട്ട നാട്ടുകാര്‍ ബസ്‌ തിരികെ വന്നപ്പോള്‍ കിളിയെ ഇറക്കി മൊട്ട അടിച്ചു വിട്ടു. ബസ്സുകള്‍ പണി മുടക്കി. നാട്ടുകാര്‍ മലപ്പുറം ബസ്‌ സ്റ്റാന്‍ഡില്‍ വിളിച്ചു. ഇന്നത്തെ പണി മുടക്കില്‍ പങ്കെടുത്ത ഒരൊറ്റ ബസ്സും ഒരാഴ്ച ഈ വഴിയില്‍ യാത്ര നടത്തുവാന്‍ സമ്മതിക്കില്ല എന്നറിയിച്ചു. വെറും അര മണിക്കൂര്‍ കൊണ്ട് സമരം തീര്‍ന്നു.
ഇത് പറഞ്ഞത് നാട്ടുകാരുടെ കൂട്ടായ്മയുടെ ശക്തി പറയാന്‍ വേണ്ടി മാത്രം ആണ്. നിങ്ങളുടെ നിരത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ച വേഗതയില്‍ അധികം വേഗതയില്‍ പോകാന്‍ ഒരു വാഹനത്തെയും അനുവദിക്കില്ല എന്ന് നിങ്ങള്‍ തീരുമാനിക്കുക. ഈ നിയമം പാലിച്ചില്ല എങ്കില്‍ വിവരം അറിയും എന്ന് ഡ്രൈവര്‍മാരെ അറിയിക്കുക. കേരളത്തിലെ അപകടം വളരെ കുറയും. വേഗത കൂട്ടി നേടുന്ന സംഖ്യ വേഗതക്ക് പിഴ അടക്കേണ്ടി വരുന്ന സംഖ്യയെകാള്‍ കൂടുതല്‍ ആണ് എന്ന വിവരം ഉള്ള വാഹന ജോലിക്കാര്‍ ഇനിയും ജീവനുകള്‍ കൊണ്ട് പന്താടും. കൈകൂലി വാങ്ങുന്ന ചില നിയമ പാലകരും പിഴ കൊതിക്കുന്ന സര്‍ക്കാരുകളും അതിനു നേരെ കണ്ണടക്കും. നാട്ടുകാര്‍ പ്രതികരിക്കണം. അപകടത്തിനു ശേഷം അല്ല, അപകടം നാശം വിതക്കുന്നതിനു മുന്നേ.
ഇനി എരഞ്ഞിപ്പാലം നോക്കണം. ഈ അപകടത്തിനു കാരണം ആരാണ്. എന്നോട് ഈ ചോദ്യം ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയുന്ന മറുപടി കോടിയേരി ബാലകൃഷ്ണന്‍ എന്നാണ്. എന്ത് കൊണ്ട്?. കുറച്ചു കാലങ്ങള്‍ക്ക് മുംബ് പരപ്പനങ്ങാടിയില്‍ ഒരാള്‍ പോലിസിനെ കണ്ടു മോട്ടോര്‍ സൈക്കിള്‍ നിര്‍ത്താതെ ഓടിച്ചു പോകുകയും പോലീസ് പിന്തുടരുകയും ചെയ്തതും അതിനെതിരെ ഹാലിളകിയ രാഷ്ട്രീയക്കാരെ പേടിച്ചു നമ്മുടെ കോടിയേരി നിര്‍ത്താതെ പോകുന്ന മോട്ടോര്‍ സൈക്കിളുകളെ പോലീസ് പിന്തുടരാന്‍ പാടില്ല എന്ന് പരസ്യമായി ദ്രിശ്യ മാധ്യമങ്ങള്‍ വഴി കല്പന പുറപ്പെടുവിച്ചതും നമുക്ക് അറിവുള്ളതാണല്ലോ. അത് കൊണ്ട് എന്തുണ്ടായി. ഇക്കഴിഞ്ഞ പ്രാവശ്യം ഞാന്‍ നാട്ടില്‍ എത്തിയപ്പോള്‍ എനിക്ക് എന്റെ കൂട്ടുകാര്‍ എനിക്ക് തന്ന ഉപദേശം പോലീസ് മോട്ടോര്‍ സൈക്കിളിനു കൈ കാണിച്ചാല്‍ നിര്‍ത്തരുത് എന്നാണു. വേഗത്തില്‍ പോയാല്‍ മതി അവര്‍ക്ക് പിന്തുടരാന്‍ പാടില്ല എന്നാണു. ആ ധൈര്യത്തില്‍ ഒരു രേഖകളും ഇല്ലാതെ ബൈക്കില്‍ കറങ്ങുന്ന പല കുമാരന്മാരെയും ഞാന്‍ കണ്ടിട്ടുണ്ട്. അത് തന്നെ ആവണം എരഞ്ഞിപ്പലത്തും സംഭവിച്ചത്. മുന്നില്‍ നില്‍ക്കുന്ന പോലീസുകാരന്‍ മോട്ടോര്‍ സൈക്കളില്‍ പിടിച്ചിട്ടു മോട്ടോര്‍ സൈക്കിള്‍ മറിഞ്ഞു അപകടം പറ്റി എങ്കില്‍ അയാള്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍ത്താന്‍ ഭാവം ഉണ്ടായിരുന്നില്ല എന്ന് വ്യക്തം. അലാതെ മറിഞ്ഞാല്‍ ഒരിക്കലും ഇത്തരം ഗുരുതരം ആയ ഒരു അപകടം ഉണ്ടാവുമായിരുന്നില്ല. നമ്മുടെ ശമ്പളം നല്‍കി കാക്കിയും ഇട്ടു പോലീസുകാര്‍ നടക്കുന്നത് നിയമം നടപ്പില്‍ ആക്കാന്‍ ആണ്. അതിനു വിഘാതം വരുത്താന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നാട്ടുകാരില്‍ നിന്നും ഉണ്ടാകരുത്. ഹെല്‍മെറ്റ്‌ വേണ്ട എന്നാണു നിങ്ങളുടെ അഭിപ്രായം എങ്കില്‍ അതിനെതിരെ പ്രതികരിക്കാന്‍ എല്ല്ലാവര്‍ക്കും അവകാശം ഉണ്ട്. നിയമം പ്രഭാല്യത്തില്‍ ആയാല്‍ അത് അനുസരിക്കാന്‍ ബാധ്യതയും ഉണ്ട്. അതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ തടയാന്‍ പോലീസിനു അധികാരവും കടമയും ഉണ്ട്. അതിനെ അന്ഗീകരിക്കാതിരുന്നാല്‍ അവര്‍ക്ക് അവരെ പിടിക്കാന്‍ ഉള്ള സംവിധാനം ഉപയോഗിക്കാം. അല്ല ഉപയോഗിക്കണം. അതിനെ അന്ഗീകരിക്കാതെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ വെള്ള പൂശാന്‍ നാട്ടുകാര്‍ ശ്രമിക്കരുത്. അത് ആരാജകത്തം ക്ഷണിച്ചു വരുത്തും. കോടിയേരിയെ പോലുള്ള നേതാക്കള്‍ വെള്ളം നനയാതെ മീന്‍ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ വറ്റി പോകുന്നത് സമാധാനത്തിന്റെ നീരുറവയാണ്.