Monday, September 5, 2011

വിക്കി ലീക്സ്- ലീക്ക് ആകുന്നതോ ആക്കുന്നതോ?

ഭിന്നിപ്പിച്ചു ഭരിക്കുക. പണ്ട് മുതലേ ഇന്ഗ്ലീശുകാരന്റെ തന്ത്രം അതായിരുന്നു. അതെ തത്വം ഇപ്പോള്‍ അമേരിക്ക പൂര്‍വാധികം നന്നായി നടപ്പിലാക്കുന്നു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ഇന്ത്യയെ പോലെ ഉള്ള രാജ്യങ്ങള്‍ അവര്‍ക്കിടയില്‍ പല അഭിപ്രായ ഭിന്നതകളും നിലവില്‍ ഇരിക്കെ തന്നെ ഇന്ത്യയുടെ ഐക്യം കാത്തു സൂക്ഷിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചിരുന്നു. മാത്രവുമല്ല ഇത്തരം പാര്‍ടികളില്‍ ഏറെക്കുറെ മിക്കവാറും ഇന്ത്യക്കാരും വിശ്വാസം അര്‍പ്പിക്കുകയും ചെയ്തിരുന്നു. ഓരോ നാടുകളിലും അവിടത്തെ നേതാക്കന്മാരുടെ വിശ്വാസ്യത എങ്ങിനെ തകര്‍ക്കാം എന്ന് നോക്കി നടക്കുന്ന അമേരിക്കക്ക് ലോക നേതാക്കള്‍ നല്‍കുന്ന വിവരങ്ങള്‍ എല്ലാം ചോരുന്നു. ഇത്ര മാത്രം രഹസ്യം സൂക്ഷിക്കാന്‍ കെല്പില്ലാത്തവര്‍ ആണ് അമേരിക്ക എന്ന് നാം ഇനിയും വിശ്വസിക്കണോ. മാത്രവുമല്ല ഓരോ രാജ്യത്തിന്റെയും ചോരുന്ന രേഖകള്‍ മുഴുവനും ആ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നവയാണ് എന്ന് കൂടി നാം ഓര്‍ക്കണം. ഈ കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ആണ് നാം ഇന്ത്യയിലെ ചില നേതാക്കന്മാരുടെയും മേലുള്ള കണ്ടെത്തലുകള്‍ വിലയിരുത്തേണ്ടത്. കാര്യം എന്തൊക്കെ ആയാലും ഇന്നും അല്പം എങ്കിലും കേഡര്‍ സമ്പ്രദായത്തില്‍ പോകുന്ന ഒരു പാര്‍ട്ടി തന്നെ ആണ് മാര്‍ക്സിസ്റ്റു പാര്‍ട്ടി. അമേരിക്കന്‍ വിരോധം മുഖ മുദ്ര ആക്കിയ ആ പാര്‍ട്ടിക്ക് ജന മനസ്സില്‍ ഉള്ള സ്വാധീനം നഷ്ടപ്പെടുത്തണം എങ്കില്‍ ചെയ്യേണ്ടത് അവര്‍ അമേരിക്കയുടെ എതിരാളികള്‍ അല്ല എന്ന് വരുത്തി തീര്‍ക്കുകയാണ്. മറ്റൊന്ന് മുസ്ലിം ലീഗ് ആണ്. മുസ്ലിം മനസ്സുകളില്‍ ആ പാര്‍ട്ടിക്ക് ഉള്ള സ്വാധീനം നശിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഇസ്ലാമിക പണ്ഡിതന്മാര്‍ ദാജ്ജാലുകള്‍ എന്ന് പോലും വിശേഷിപ്പിച്ച അമേരിക്കയെ മുസ്ലിം ലീഗ് പിന്തുണയ്ക്കുന്നു എന്ന് പറയുന്നത് തന്നെയാണ്. മുസ്ലിം ജനതയെ യും ഇസ്ലാമിനെയും ഇത്രയധികം വെറുക്കുകയും ക്രൂശിക്കുകയും ചെയ്യുന്ന ഒരു നാടിനെയും നാട്ടുകാരെയും മുസ്ലിം ലീഗ് പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞാല്‍ അത് മതിയല്ലോ മുസ്ലിംകള്‍ക്ക് ആ പാര്‍ടിയോട് വിരോധം തോന്നാന്‍. അതിലും അമേരിക്കക്കാരന്‍ തന്റെ ഭിന്നിപ്പിക്കള്‍ നടത്തി. മുസ്ലിംലീഗ് ഏക അഭിപ്രായത്തിലല്ല ഇവയിലോന്നിലും എന്ന് ജനങ്ങളെ വിശ്വസിപ്പിക്കുകയും വേണം. അത് കൊണ്ട് അവര്‍ കണ്ടെത്തിയത് ഇങ്ങിനെയാണ്‌. സദ്ദാമിന്റെ വധത്തെ പറ്റി മനുഷ്യത്വ രഹിതവും അന്താരാഷ്ട്ര നീതി വ്യവസ്ഥയോടുള്ള പരിഹാസവും എന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചപ്പോള്‍ കേന്ദ്ര മന്ത്രി ഇ അഹമദ് അനാവശ്യമായി മൌനം പാലിച്ചത് പ്രശ്നം ഉണ്ടാക്കിയത്രേ. മാത്രവുമല്ല മുസ്ലിം ലീഗിന്റെ അമേരിക്കന്‍ അനുകൂല നിലപാടിന് എതിരായി ഇടതു സംകടനകള്‍ ലീഗിനെതിരെ പ്രചാരണവും അഴിച്ചു വിട്ടു.
മുസ്ലിം മനസ്സുകളില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ ഈ ആരോപണങ്ങള്‍ മതി എങ്കില്‍ ഇന്ന് ഭരണത്തില്‍ കൂടി പങ്കാളി ആയ ഒരു പാര്‍ട്ടിയെ പൊതു ജന മനസ്സുകളില്‍ നിന്ന് തൂത്തെറിയാന്‍ പറ്റിയ ഒരായുധം. അതാണ്‌ ഭീകര വാദം. പേരില്‍ തന്നെ മുസ്ലിം എന്നാ നാമം ഉള്ളത് കൊണ്ട് അത് പ്രചരിപ്പിക്കാനും എളുപ്പമാണല്ലോ. അല്ലെങ്കിലും ഒബാമയുടെ പേരില്‍ ഹുസൈന്‍ എന്നാ നാമം കണ്ടത് കൊണ്ട് അയാളെ പോലും ഭീകര വാദി ആക്കിയ അമേരിക്കക്കാര്‍ സൗദി അറബിയില്‍ നിന്നും മറ്റു നാടുകളില്‍ നിന്നും ഒക്കെ അഹമദ് മുഹമ്മദ്‌ അബ്ദുള്ള തുടങ്ങിയ ചില പ്രത്യക പേരുകള്‍ പണം അയക്കുന്നവരുടെയോ കൈപറ്റുന്നവരുടെയോ പേരുകളില്‍ ഉണ്ടായിരുന്നു എങ്കില്‍ ആ പണം തടഞ്ഞു വെക്കുകയും പ്രത്യക അന്വേഷണത്തിന്റെ പേര് പറഞ്ഞു മാസങ്ങളോളം വൈകിക്കുകയും ചെയ്തിരുന്നത് മലയാളികള്‍ അടക്കമുള്ള പലര്‍ക്കും അനുഭവവും ആണല്ലോ. ഭീകര വാദികള്‍ എന്ന് മുദ്ര കുത്താന്‍ കഴിഞ്ഞാല്‍ പിന്നെ അവരെ സമൂഹം അകറ്റി നിര്‍ത്തും. അത് മൂലം അവരുടെയും അവര്‍ തുണക്കുന്ന പാര്‍ടിയുടെയും അവരെ തുണക്കുന്ന പാര്‍ടിയുടെയും ശക്തി കുറയും.
ഇത് തന്നെയാണ് മറ്റു പാര്‍ടികളുടെയും സ്ഥിതി. മാര്‍ക്സിസ്റ്റു പാര്‍ടിക്കെതിരെ വര്‍ഗീയ വിഷം തെളിച്ച്ചിട്ടു കാര്യമില്ല. അവര്‍ക്ക് നല്ലത് മുതലാളിത്ത വിഷം ആണ്. അവിടെ അച്യുതാനന്ദനെ ഒരു ചേരിയിലും പിണറായിയെ ഒരു ചേരിയിലും ഇരുത്താം. മാത്രവുമല്ല ജന്മനാ ഒരു വിഭാഗീയ വാദിയാണ് അച്യുതാനന്ദന്‍ എന്നാണു ജോണ് ബ്രിട്ടാസ് പറയുന്നത്. അച്യുതാനന്ദ സ്നേഹികള്‍ക്ക് അത് പോരെ ചോര തിളക്കാന്‍. കൊക്കോകോല സമരം പ്രാദേശികം എന്ന് പറയുന്നതോടെ പ്രകൃതി സ്നേഹം പൊതിഞ്ഞു കൊണ്ട് നടക്കുന്നവരും എതിരാകും. അങ്ങിനെ അവിടെയും ഒരു വിഭാഗീയത ഉറപ്പായി. പിന്നെ ഉള്ളത് കൊണ്ഗ്രെസ്സ് ആണ്. ഈ രണ്ടു വിഷവും അവിടെ ഏല്‍ക്കില്ല. അവിടെ വിലപ്പോകുന്നത് ഇന്ത്യയെ തകര്‍ക്കാന്‍ വന്നവരെ പിടികൂടാന്‍ താല്പര്യം കാണിച്ചില്ല എന്ന് പറയുന്നതാണ്. ഒരു രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ തങ്ങളുടെ രാജ്യം ബോംബിട്ടു നശിപ്പിക്കാന്‍ വന്ന ഒരാളെ പിടി കിട്ടിയിട്ടും ഞങ്ങള്‍ക്കവനെ വേണമെന്നില്ല നിങ്ങള്‍ തന്നെ കൊണ്ട് പൊയ്ക്കോളൂ എന്ന് കൊണ്ട് വന്നവനോട്‌ രഹസ്യം പറയുകയും പരസ്യമായി ഞങ്ങള്‍ക്ക് തരൂ എന്ന് പറയുകയും ചെയ്യുന്നു എന്ന് പറഞ്ഞാല്‍ അതിനേക്കാള്‍ വലിയ ചതിയുണ്ടോ. ഇങ്ങിനെ ഈ നാടിനെ മുഴുവന്‍ ചതിച്ചു നടക്കുന്ന ഒരു സര്‍ക്കാരിനെതിരെ കലാപം നടത്തണമെന്ന് ആ നാടുകാര്‍ക്ക് തോന്നിയാല്‍ അതിശയിക്കാനുണ്ടോ. ഇല്ല. അപ്പോള്‍ നേത്രത്വം ഇല്ലാത്ത ഒരു പാട് കൂട്ടങ്ങള്‍ ആയി മാറും ഇന്ത്യ. അതിലൂടെ തങ്ങള്‍ക്കു തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ആകും. ഇന്ന് കലാപങ്ങള്‍ നടക്കുന്ന മറ്റു നാടുകളിലെ പോലെ ഇന്ത്യയിലും നടന്നെകാം എന്നാ മോഹം. പക്ഷെ അതില്‍ അവര്‍ അല്പം വിജയിച്ചോ എന്ന് തീര്‍ച്ചയായും നാം സംശയിക്കേണ്ടി ഇരിക്കുന്നു. അവര്‍ പറയുന്ന കാര്യങ്ങള്‍ വിളിച്ചു പറയുകയും ചര്‍ച്ച നടത്തി സമയം കൊല്ലുകയും ചെയ്യുന്ന പത്രക്കാര്‍ അതിനു വളം നല്‍കുന്നു.
ഇനി നമ്മുടെ ചില അല്പന്മാരും സ്വന്തം കാര്യക്കാരും ആയ രാഷ്ട്രീയക്കാരെ കുറിച്ചാണ്. ഞങ്ങള്‍ രഹസ്യമായിട്ടല്ല കണ്ടത്, സൌഹൃദ സംഭാഷണം ആയിരുന്നു എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ തോന്നും ഇവരൊക്കെ കെട്ടിയിരിക്കുന്നത് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ മൂത്താപ്പാന്റെ മകളെ ആണെന്ന്. അവര്‍ വന്നിരുന്നത് വല്ലിമ്മന്റെ ചാവടിയന്തിരത്തിനു വിളിക്കാന്‍ വന്നതായിരുന്നു എന്ന്. അമേരിക്കക്കാരന് അവന്റെ പണി അറിയാം. എന്നാല്‍ എന്റെ ഇന്ത്യക്കാരാ നീ ഇന്നും അവനെ കാണുമ്പോള്‍ യജമാനനെ കണ്ടാല്‍ വാലാട്ടുന്ന പട്ടിയെ പോലെ അവന്റെ മുന്നില്‍ തല കുനിക്കുന്നു. ഈ നാടിന്റെ രഹസ്യങ്ങള്‍ എന്ത് സൌഹ്രദത്തിന്റെ പേരില്‍ ആണ് നിങ്ങള്‍ അവര്‍ക്ക് മുന്നില്‍ കെട്ടഴിച്ചത്. സര്‍ക്കാര്‍ ഏല്‍പിച്ച, പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ ഒന്നും ഇല്ലാതെ അമേരിക്കയുടെ മുന്നില്‍ ഈ നാട്ടിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തിക്കൊടുത്ത രാഷ്ട്രീയക്കാരെ പ്രത്യകിച്ചും മുന്‍ മന്ത്രിമാര്‍ അടക്കമുള്ള സര്‍ക്കാരിന്റെ രഹസ്യങ്ങള്‍ അറിയുന്നവരെ ചാര പ്രവര്‍ത്തനത്തിന് കേസെടുക്കണം. മാലി യുവതികള്‍ നാട് വിട്ടു പോകാന്‍ അല്പം വൈകിയപ്പോഴെക്ക് ചാരപ്രവര്‍ത്തി പറഞ്ഞു കേസെടുത്ത നമ്മുടെ സര്‍ക്കാര്‍ മന്ത്രിമാര്‍ ആയും ഉദ്യോഗസ്ഥന്മാര്‍ ആയും പ്രവര്‍ത്തിച്ച വ്യക്തികള്‍ മന്ത്രി സഭയുടെയോ സര്‍ക്കാരിന്റെയോ തങ്ങളുടെ പാര്‍ട്ടിയുടെയോ അറിവും സമ്മതവും ഇല്ലാതെ വിദേശികള്‍ക്ക് പ്രത്യകിച്ചും നയ തന്ത്ര പ്രതിനിധികളോട് ഈ നാടിന്റെ അവസ്ഥ തുറന്നു കാണിച്ചു കൊടുത്ത ഇവര്‍ ചാരന്മാര്‍ തന്നെ.



Saturday, September 3, 2011

സ്ത്രീ ധനം സംഘടനകള്‍ പാലിക്കേണ്ട മര്യാദകള്‍.


കേരളം ഇന്ന് സ്ത്രീധനത്തിന്റെയും സ്ത്രീ പീഡനങ്ങളുടെയും കാര്യത്തില്‍ സ്വയം പര്യാപ്തത നേടിക്കൊണ്ടിരിക്കുന്ന ഒരു കാലം ആണ്. മിക്ക സ്ത്രീ പീഡന കഥകളും സ്ത്രീ ധനത്തിന്റെ പേരില്‍ ആണ് എന്നുള്ളതും നമ്മുടെ പീഡന പ്രശസ്തി വര്‍ധിപ്പിക്കുന്നു. വിദ്യ സമ്പന്ന സമൂഹങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ സ്ത്രീ പീഡനവും വിവാഹ മോചനവും എന്നത് വീണ്ടും നമുക്ക് ആവേശം നല്‍കുന്ന വാര്‍ത്ത തന്നെ. അല്ല നമുക്ക് കേരളീയര്‍ക്ക് അങ്ങിനെ ഒക്കെ അല്ലെ നമ്മുടെ നാട്ടിന്റെ പേര് ഗിന്നെസ് ബുക്കില്‍ എത്തിക്കാന്‍ കഴിയൂ. ഇത്തരം ഒന്നാംതരം ഒരു ചെറ്റത്തരം പ്രോത്സാഹിപ്പിക്കാന്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ നാട്ടിലെ ചില സംഘടനകള്‍ കൂടെ ഉണ്ട് എന്നറിയുമ്പോള്‍ എങ്ങിനെ സന്തോഷിക്കാതിരിക്കും. പറഞ്ഞു വരുന്നത് നല്ല മനസ്തിതിയോടു കൂടെ നല്ല ചില സുഹൃത്തുക്കള്‍ ഒന്നാംതരം ഒരു സംഘടനയുടെ പേരില്‍ നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ ആ സംഘടനയുടെ ആശയങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും എതിരാകുന്നു എന്ന് ചിന്തിക്കാന്‍ ആണ്. തങ്ങള്‍ നിരുല്‍സാഹപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു തിന്മക്കെതിരെ തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആ തിന്മക്കു തന്നെ പ്രചോദനം ആകുന്നതു എങ്ങിനെ എന്ന് ചിന്തിക്കുന്നതിനു വേണ്ടിയാണ്.
ഈ അടുത്തു ഗള്‍ഫിലുള്ള ഒരു പ്രവാസി സംഘടനയുടെ ഒരു ശാഖ തങ്ങളുടെ നാട്ടില്‍ വെച്ചു ഒരു സമൂഹ വിവാഹം നടത്തി. നേതാക്കള്‍ അടക്കം പങ്കെടുത്ത ആ സമൂഹ വിവാഹം കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് ഒരു പക്ഷെ സ്ത്രീധനം എന്ന ഒരു തിന്മക്കെതിരെ ഉള്ള ഒരു ചിന്ത ആയിരിക്കാം. തങ്ങളുടെ സഹോദരികളും കൂട്ടുകാരികളും അയല്‍ക്കാരികളും ആയ ഒരു പറ്റം സ്ത്രീകള്‍ ഈ തിന്മയുടെ ബലിയാടുകള്‍ ആകുന്നതു കൊണ്ടുണ്ടായ മാനസിക പിരിമുറുക്കം ആയിരിക്കാം. തങ്ങള്‍ വിവാഹിതരായി മക്കളുടെ കയ്യും പിടിച്ചു നടന്നകലുന്നത് നോക്കി നില്‍ക്കുന്ന തന്റെ കളിക്കൂട്ടുകാരിയായിരുന്ന അയല്‍ക്കാരിയുടെ വിഷാദം തുളുമ്പുന്ന മുഖം മനസ്സില്‍ നിന്ന് മായാത്തത് കൊണ്ടായിരിക്കാം. നിങ്ങളുടെ ഉദ്ദേശം നല്ലത് തന്നെ. അന്യന്റെ സങ്കടം ഏറ്റെടുക്കാന്‍ ഉള്ള തീരുമാനം ശ്ലാഖനീയം തന്നെ. എന്നാല്‍ ഓര്‍ക്കുക, നിങ്ങള്‍ അറിയാതെ ചെയ്യുന്ന ഈ സഹായം ഈ തിന്മക്ക്‌ വളം വെച്ചു കൊടുക്കുന്നു എന്ന് നിങ്ങള്‍ തിരിച്ചറിയണം. അതിനു നമ്മുടെ നാട്ടിലെ സാഹചര്യങ്ങളിലേക്ക് നമ്മള്‍ ഒന്ന് ഇറങ്ങി വന്നു ചിന്തിക്കണം നമ്മുടെ നാട്ടിലെ സാമ്പത്തിക സ്ഥിതി അനുസരിച്ചു നമുക്ക് മോന്നായി തരാം തിരിക്കാം. തന്റെ സമ്പാദ്യം കൊണ്ട് തന്റെ ദിനം ദിന ചെലവുകള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വരുന്ന ദരിദ്രര്‍. തന്റെ വരുമാനം കൊണ്ട് അന്യന്റെ സഹായം ഇല്ലെങ്കില്‍ കൂടി ദിനം ദിന ചെലവുകള്‍ നടന്നു പോവുകയും എന്നാല്‍ അടുത്ത ദിവസത്തിനു ഒന്നും മാറ്റിവെക്കാന്‍ ബാക്കി വരാതിരിക്കുകയും ചെയ്യുന്ന സാധാരണക്കാര്‍. തന്റെ വരുമാനം തന്റെ ചെലവുകള്‍ക്ക്‌ ഉപയോഗിച്ചാലും സമ്പാദിച്ചു വെക്കാന്‍ ബാക്കി വരുന്ന സമ്പന്നര്‍. ഇതില്‍ സമ്പന്നനെ സംബന്ധിച്ചു സ്ത്രീധന സമ്പ്രദായം ഉണ്ടാകുന്നതും ഇല്ലാതെ ഇരിക്കുന്നതും ഒരു പോലെ തന്നെയാണ്. കാരണം അവര്‍ക്ക് സ്ത്രീധനം നല്‍കാന്‍ ഒരു ബുദ്ധി മുട്ടും ഉണ്ടാവുകയില്ല. കാരണം അവരുടെ കയ്യില്‍ ആവശ്യത്തിനുള്ള സമ്പാദ്യം ഉണ്ട്. ദരിദ്രനെ സംബന്ധിച്ചു സ്ത്രീധ്ഹണം പ്രശ്നമല്ല എന്ന് മാത്രമല്ല ഒരു വേള അവരില്‍ ചിലരെങ്കിലും അതിനെ വരുമാന മാര്‍ഗം ആയി കാണുകയും ചെയ്യുന്നു. കാരണം അവരുടെ മക്കളുടെ കല്യാണം നടത്താന്‍ ഇത്തരം സംഘടനകളും പള്ളി കമ്മിറ്റികളും കര യോഗങ്ങളും നാട്ടുകാരും എല്ലാം നടത്തിക്കൊടുക്കും. എന്ന് മാത്രമല്ല പലപ്പോഴും വല്ലതും ഒക്കെ ബാക്കി വരികയും ചെയ്യും. നാട്ടുകാര്‍ പിരിവെടുത്തു പെന്‍ കുട്ടികളെ കെട്ടിക്കുന്നു. എന്നാല്‍ അവരുടെ ആണ്‍ മക്കള്‍ കല്യാണം കഴിക്കുമ്പോള്‍ ഇതൊന്നും നാട്ടുകാര്‍ അറിയാറുമില്ല. അതിനാല്‍ അവര്‍ ഇപ്പോഴും ഇതിനെ പ്രോത്സാഹിപ്പിക്കും. കാരണം ഇത് ദരിദ്രരുടെ ഒരു സമ്പാദന മാര്‍ഗ്ഗം ആണ്. എന്നാല്‍ സാധാരണക്കാരന്റെ അവസ്ഥയാണ് പരിതാപകരം. കാരണം അവന്റെ കയ്യില്‍ ഒന്നും നീക്കിയിരുപ്പ് ഉണ്ടാവുകയില്ല. എന്നാല്‍ അവരെ സഹായിക്കാനും ആരെയും കാണില്ല.
അത് കൊണ്ട് തന്നെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരന്‍ ആണ് ഇതിന്റെ ദൂഷ്യം അനുഭവിക്കുന്നത്. ഇത്രയും പറയാന്‍ കാരണം ഇത്തരം അനാചാരങ്ങള്‍ മുഴുവന്‍ നാം നടപ്പിലാക്കി സമ്പന്നരുടെ പേരില്‍ കുറ്റം ചാര്‍ത്തുന്ന ഒരു സ്വഭാവം നമുക്കുണ്ട്. ഇനി ഞാന്‍ പറയുന്നത് അംഗീകരിക്കാന്‍ വൈമനസ്യം ഉള്ളവര്‍ ഉണ്ടാകാം. അവര്‍ ഒരു കാര്യം ചെയ്യുക. നിങ്ങളുടെ നാട്ടിലെ അവിവാഹിതരായ പെണ്‍കുട്ടികളുടെ കണക്കെടുക്കുക. അതില്‍ തൊണ്ണൂറ്റി അഞ്ചു ശതമാനവും സാധാരണക്കാര്‍ ആണെന്ന് കാണാം. ശാരീരികമോ മാനസികമോ ആരോഗ്യ പരമോ ആയ കാരണങ്ങള്‍ ഇല്ലാതെ അവിവാഹിതര്‍ ആകുന്ന ദരിദ്ര കുടുംബത്തിലെയും സമ്പന്നരുടെയും കുട്ടികള്‍ താരതമ്യേന കുറവാണ് എന്ന് കാണാം.
മാത്രമല്ല സ്ത്രീധനം വാങ്ങാതെ കല്യാണം അന്വേഷിക്കുക ആണെങ്കില്‍ അയാള്‍ ദുസ്വഭാവം കൊണ്ട് പെണ്ണ് കിട്ടാത്തവാണോ മാനസികമായി സുഖം ഇല്ലാത്തവനോ ആണെന്ന രീതിയില്‍ അയാളെ കുറിച്ചു പെണ്ണിന്റെ വീട്ടുകാര്‍ അന്വേഷിക്കുന്നതും നിങ്ങള്ക്ക് കാണാം.
നമ്മുടെ നാട്ടില്‍ എന്തൊക്കെ പറഞ്ഞാലും ശരി ഇന്നും കൂടുതല്‍ സ്ത്രീധനം വാങ്ങുന്നത് അഭിമാനത്തിന്റെ അളവ് കോല്‍ ആയി കാണുന്നവര്‍ ഒരു പാട് ഉണ്ട്. ഇത് മാറിയെ തീരൂ. ഇത് മാറ്റാന്‍ ആയിരിക്കണം ഇത്തരം സംഘടനകള്‍ ശ്രമിക്കേണ്ടത്. അതെങ്ങിനെ നടക്കും. നമ്മുടെ പെണ്‍കുട്ടികളുടെ ഭാവി വെച്ചു ഒരു പരീക്ഷണം നടത്തണം എന്ന് പറയാന്‍ എനിക്ക് കഴിയില്ല. അത് കൊണ്ട് തന്നെ നിങ്ങളുടെ പെണ് കുട്ടികള്‍ക്കോ പെങ്ങന്മാര്‍ക്കോ സ്ത്രീധനം കൊടുക്കരുത് എന്ന് എനിക്ക് പറയാന്‍ കഴിയില്ല. അത് നടപ്പുള്ള കാര്യവും അല്ല. എന്നാല്‍ സ്ത്രീധനം വാങ്ങുന്ന വരന്റെ കല്യാണത്തില്‍ ഞങ്ങള്‍ പങ്കെടുക്കില്ല എന്ന് തീരുമാനിക്കാന്‍ ഇത്തരം സംഘടനകള്‍ക്ക് കഴിയും. സ്ത്രീധനം കൊടുക്കാന്‍ ഞങ്ങള്‍ സഹായിക്കില്ല എന്ന് തീരുമാനിക്കട്ടെ. അപ്പോള്‍ തീര്‍ച്ചയായും ഒരു ചോദ്യം വരും. ദരിദ്രരായ കുട്ടികള്‍ വിവാഹിതരാകെ മുരടിച്ചു പോകട്ടെ എന്നാണോ എന്റെ അഭിപ്രായം എന്ന്. ഒരു പെണ്‍കുട്ടി അവളുടെ ഏറ്റവും വലിയ മോഹമായ വിവാഹത്തിനു ഒഴിഞ്ഞ കാതുകളും കാലിയായ കഴുത്തുകളും ആയിട്ടാണോ ഭര്‍ത്താവിന്റെ വീട്ടിലേക്കു കയറി ചെല്ലേണ്ടത് എന്ന്. അങ്ങിനെ അല്ല. പകരം പെണ്‍കുട്ടിയുടെ ഏറ്റവും വലിയ അഭിമാനവും ധൈര്യവും അവള്‍ക്കു വേണ്ടത് അവളുടെ ഭര്‍ത്താവ് തന്നെ ഒരുക്കുക എന്നതാണ് എന്ന് മനസ്സിലാക്കുകയും നിങ്ങള്‍ അവള്‍ക്കു നല്‍കാന്‍ ഉദ്ദേശിച്ച സഹായം അവള്‍ക്കു വേണ്ടി വസ്ത്രവും ആഭരണങ്ങളും ഒരുക്കൂന്നതിനു പുരുഷന് നല്‍കുകയും അങ്ങിനെ അവന്‍ കൊണ്ട് വരുന്ന ആഭരണങ്ങളും വസ്ത്രങ്ങളും അഭിമാനത്തോടെ അണിയാന്‍ അവള്‍ക്കു അവസരം നല്‍കുകയും ചെയ്യുക. അല്ലാതെ ആരെന്നറിയാത്ത എവിടത്തുകാരന്‍ ആണെന്നോ അറിയാത്ത ആരെല്ലാമോ നല്‍കിയ ഒരു വേള അഭിമാനത്തോടെ ധരിക്കാന്‍ മനസ്സ് സമ്മതിക്കാത്ത വസ്ത്രം ധരിച്ചല്ല,ആഭരണം അണിഞ്ഞു അല്ല അവളെ അവളുടെ മണവാളന്റെ മുന്നിലേക്ക്‌ അയക്കേണ്ടത്. ആദ്യമായി ഒരു പെണ്ണിന് നല്‍കേണ്ട മഹര് പോലും വാങ്ങാന്‍ പെണ്ണിന്റെ പിതാവില്‍ നിന്ന് ഇരന്നു വാങ്ങുന്ന പുരുഷനേക്കാള്‍ അന്യന്റെ കയ്യില്‍ നിന്ന് യാചിച്ചെങ്കിലും തനിക്കു വേണ്ടത് ഒരുക്കുന്ന ഭര്‍ത്താവ് തന്നെയാണ് അവളുടെ അഭിമാനം എന്ന് ഈ സമൂഹത്തിനു നിങ്ങള്‍ മനസ്സിലാക്കി കൊടുക്കണം. ഇനി സ്ത്രീധനം എതിര്‍ക്കുന്നവരെ കുറിച്ചു പറഞ്ഞു കേള്‍ക്കുന്ന ഒരു പതിവ് പരാതിയുണ്ട്. അവരൊക്കെ നല്ല പോലെ ഉള്ള കുടുംബത്തില്‍ നിന്നാണ് കെട്ടിയത്, അല്ലെങ്കില്‍ അവര്‍ പറഞ്ഞില്ലെങ്കിലും അവള്‍ക്കു നല്ല പോലെ കിട്ടും എന്ന് അറിയാവുന്നത് കൊണ്ടാണ് ആ കല്യാണം നടത്തിയത്. ഇപ്പോള്‍ കിട്ടിയില്ലെങ്കില്‍ എന്താ വാപ്പ മരിച്ചാല്‍ കിട്ടും എന്ന് അറിയാവുന്ന വീട്ടില്‍ നിന്നല്ലേ കെട്ടിയത്. തുടങ്ങിയ വിമര്‍ശനങ്ങള്‍. അതില്‍ മിക്കതും സ്ത്രീധന വിരുദ്ധരെ നിരുല്സഹപ്പെടുത്താന്‍ നമ്മുടെ സമൂഹം കണ്ടെത്തിയ ഒരു മാര്‍ഗ്ഗം ആണെങ്കില്‍ കൂടി ചിലരിലെങ്കിലും അത് സത്യം ആയിരിക്കാം. കൂട്ടത്തില്‍ ഞാന്‍ മുകളില്‍ പ്രസ്താവിച്ച സംഘടനയുടെ ഒരു പ്രവര്‍ത്തകന്‍ സ്ത്രീധനത്തെ ന്യായീകരിച്ചു കൊണ്ട് അവരുടെ ബയ്ലക്സിലെ ചാറ്റ് റൂമില്‍ ഒരിക്കല്‍ ഒരു പുതിയ തത്വ ശാസ്ത്രം അവതരിപ്പിക്കുന്നത്‌ കേട്ടതും കൂടെ പറയട്ടെ. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടില്‍ പണക്കാരായ എത്രയോ പെണ്‍കുട്ടികള്‍ സ്ത്രീധന സമ്പ്രദായം ഇല്ലായിരുന്നു എങ്കില്‍ സൌന്ദര്യം കുറഞ്ഞു എന്ന കാരണത്താല്‍ കല്യാണം നടക്കാതെ നിന്ന് പോകുമായിരുന്നു എന്നാണു അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍. അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍ ഒരു വിധം അന്ഗീകരിക്കാവുന്നതാണ്. എന്നാല്‍ നാം മനസ്സിലാക്കേണ്ട ഒരു വസ്തുത ഇങ്ങിനെ കല്യാണം നടക്കുകയും രക്ഷപ്പെടുകയും ചെയ്യുന്നവര്‍ സ്ത്രീധനം നല്‍കാന്‍ കഴിയാത്തവരെക്കാലും പതിന്മടങ്ങ്‌ കുറവാണ് എന്നതാണ്. മാത്രമല്ല ഇങ്ങിനെ സാമ്പത്തിക സഹായം ഭര്‍തൃ വീടുകളില്‍ നിന്ന് കിട്ടിക്കണ്ടവര്‍ ആണ് കൂടുതലും വിവാഹ തട്ടിപ്പുമായി സമൂഹത്തില്‍ അരങ്ങു തകര്‍ക്കുന്നത് എന്ന് ഓര്‍ക്കണം. സൌന്ദര്യം കുറഞ്ഞ കാരണത്താല്‍ എന്തും കൊടുത്ത് ഇങ്ങിനെ കെട്ടിക്കുന്ന പെണ്ണിന്റെ ആഭരണങ്ങളും മറ്റും ഊറി വാങ്ങി അവളെ വഴിയാധാരം ആക്കുന്ന പ്രവണത ദിനേന കൂടുകയാണ് എന്ന് ഓര്‍ക്കണം. ഇനി മുകളില്‍ പറഞ്ഞ പരാതികളിലേക്ക് വരാം. സ്ത്രീധനം എന്ന ഒരു ഏര്‍പ്പാട് ഇല്ലാതെ ആണ് നമ്മുടെ നാടുകളിലെ വിവാഹം നടക്കുന്നത് എങ്കില്‍ ഇതൊരു കുടുംബവും അവര്‍ക്ക് സാമ്പത്തികവും മതപരവും വിദ്യാഭ്യാസ പരവും ആയി തുല്യരായ വിവാഹങ്ങള്‍ മാത്രമേ നടത്തൂ. അതിനാല്‍ കുടുംബങ്ങള്‍ തമ്മിലുള്ള ഉച്ച നീച്ചത്തങ്ങള്‍ ഒരു പരിധി വരെ കുറയുകയും അത് മൂലം ഉണ്ടാകുന്ന വഴക്കുകള്‍ ഇല്ലാതാകുകയും ചെയ്യും. മാത്രമല്ല. ധനം കൂടുതല്‍ ഉള്ളതും സ്ത്രീധനം കൂടുതല്‍ ലഭിക്കുന്നതുമായ പെണ്‍കുട്ടികളെ തിരഞ്ഞു പിടിക്കുന്ന ആണ്‍ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രവണത ഇല്ലാതാകുകയും തങ്ങലോടോപ്പമോ തങ്ങളേക്കാള്‍ കുറവോ ധനസ്ഥിതി ഉള്ള കുടുംബങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ തിരയും. അത് കൊണ്ട് തന്നെ എല്ലാ വിഭാഗം ആളുകളിലെ പെണ്‍കുട്ടികളെയും തിരഞ്ഞു വരാന്‍ അതാതു തരക്കാരായ ആണ്‍കുട്ടികള്‍ ഉണ്ടാകും. സ്ത്രീ ധന പീഡനങ്ങള്‍ കുറയും എന്ന് മാത്രമല്ല ചില ചെറിയ സൌന്ദര്യ പിണക്കങ്ങള്‍ക്ക്‌ പോലും വനിതാ കമ്മീഷന്റെ മുന്നില്‍ ഇല്ലാത്ത സ്ത്രീധന പീഡനം പറഞ്ഞു കേസ് കൊടുക്കുന്ന പ്രവണത പെണ്‍കുട്ടികളുടെ കുടുംബങ്ങളിലും ഇല്ലാതെ ആകും. അതിനാല്‍ പ്രിയ സംഘടനാ പ്രവര്‍ത്തകരെ ഒന്നിക്കുക സ്ത്രീധനത്തിനെതിരെ. മാതൃക കാണിക്കുക സ്ത്രീധനം വാങ്ങാതെ. ഉപരോധിക്കുക സ്ത്രീധനം വാങ്ങുന്നവരെ സഹായിക്കാതിരിക്കുക സ്ത്രീധനം കൊടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുക സ്ത്രീധനം വാങ്ങാത്തവരെ.