Tuesday, November 22, 2011

അപകട കാരണങ്ങളും പ്രതിവിധികളും

മലയാളി. ഒരിക്കലും തന്റെ കുറ്റങ്ങള്‍ അംഗീകരിക്കാന്‍ മനസ്സില്ലാത്തവന്‍. സംഭവിച്ച മുഴുവന്‍ ദുര്യോഗങ്ങളും അന്യന്റെ കൊള്ളരുതായ്മ കൊണ്ട് ഉണ്ടായതാണെന്ന് പറഞ്ഞു കണ്ണടച്ചു ഇരുട്ടാക്കാന്‍ മാത്രം പഠിച്ചവന്‍. ഇത്രയും പറയാന്‍ കാരണം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏഷ്യാനെറ്റ്‌ ചാനലില്‍ വന്ന അപകട നിവാരണ മാര്‍ഗങ്ങളെ കുറിച്ചുള്ള ഒരു ചര്‍ച്ചയാണ്. കേരളത്തില്‍ നൂറു കണക്കിന് ചെറുതും വലുതുമായ അപകടങ്ങള്‍ ദിവസേന നടക്കുന്നു. അതിനുള്ള കാരണങ്ങളെയും നിവാരണ മാര്‍ഗങ്ങളെയും കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഏഷ്യാനെറ്റ്‌ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ കണ്ടെത്തിയ മാര്‍ഗങ്ങള്‍ കേവലം ഒരു രാഷ്ട്രീയക്കാരന്റെ നിലയിലേക്ക് തരം താഴുകയായിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റാകില്ല എന്ന് തോന്നുന്നു. കേരളത്തിലെ അപകടങ്ങള്‍ ഇങ്ങിനെ വര്‍ധിക്കാന്‍ ഉള്ള കാരണങ്ങളായി ഒരാള്‍ പറഞ്ഞത് നമ്മുടെ റോഡുകളുടെ ശോച്യാവസ്തയാണ്. മറ്റൊരാളുടെ കണ്ടെത്തല്‍ കേട്ടപ്പോള്‍ ചിരിക്കണോ കരയണോ എന്നൊന്ന് സംശയിച്ചു. കാരണം അയാള്‍ കണ്ടെത്തിയത് മുക്കിനു മുക്കിനു അത്യാഹിത വിഭാഗം കൈകാര്യം ചെയ്യാന്‍ പറ്റുന്ന ആസ്പത്രികള്‍ ഉണ്ടായാല്‍ മരണം കുറയ്ക്കാം എന്നാണു. ചര്‍ച്ച അപകടം കുറയ്ക്കുന്ന കാര്യമാണെന്ന് പോലും ഇതിയാന്‍ മറന്നു. കാരണം നമുക്ക് എല്ലാം സര്‍ക്കാരിന്റെ പിരടിയില്‍ വെച്ചു കെട്ടണം. പിന്നെ ഒരാളുടെ കണ്ടെത്തല്‍ അല്പമെങ്കിലും ആശ്വാസകരമാണ് കാരണം അയാള്‍ പിഴ കൂട്ടണം എന്നാ അഭിപ്രായക്കാരന്‍ ആയിരുന്നു.


ഒരു സുരേഷ്ഗോപി ചിത്രത്തിലെ ഒരു ടയലോഗ് മലയാളികള്‍ ഉച്ച്ചരിച്ച്ചു പഠിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആ ഡയലോഗ് ഇങ്ങിനെയാണ്‌. രോഗത്തിനാണോ അതോ രോഗ കാരണത്തിനാണോ ചികിത്സിക്കേണ്ടത് എന്ന്. അഞ്ചു വാര്‍ഷത്തെ ഭരണം മാത്രം മുന്നില്‍ കണ്ടു നടക്കുന്ന നമ്മുടെ ഭരണാധികാരികള്‍ എന്നും രോഗത്തിന് ചികിസിച്ച്ചു കാരണത്തെ ഒഴിവാക്കി വിടുകയാണ് പതിവ്. എന്ത് അനിഷ്ട സംഭവങ്ങള്‍ നടന്നാലും ഉടനെ സര്‍ക്കാര്‍ വിരുദ്ധ ചേരി അതൊക്കെ സര്‍ക്കാരിന്റെ കൊള്ളരുതായ്മയായി ചിത്രീകരിക്കും. അവരുടെ നാവടക്കാന്‍ സര്‍ക്കാര്‍ ഒരു പുതിയ നിയമം കൊണ്ട് വരും. അപ്പോഴേക്ക് ഈ സര്‍ക്കാരിന്റെ കാലം കഴിയും. നിയമ പുസ്തകത്തിന്റെ ഘനം കൂടുമെന്നല്ലാതെ നമ്മുടെ ഇടയില്‍ ഈ അരുതായ്മകള്‍ വീണ്ടും നടന്നു കൊണ്ടിരിക്കും. അപ്പോഴേക്ക് ഈ സര്‍ക്കാര്‍ മാറും അടുത്ത സര്‍ക്കാര്‍ വരും. ഇത് തന്നെ സ്ഥിതി.

റോഡ്‌ അപകടങ്ങള്‍, ആത്മഹത്യകള്‍, അങ്ങിനെ എന്ത് തന്നെ ആയാലും സര്‍ക്കാരിനെതിരെ നാല് പ്രകടനം നടത്തിയാല്‍ പ്രതിപക്ഷത്തിന്റെയും കുറച്ചു വാഹങ്ങളും കടകളും കത്തിക്കുകയും തകര്‍ക്കുകയും ചെയ്‌താല്‍ യുവജന വിദ്യാര്‍ഥി സംഘടനകളുടെയും ഒരു നിയമം ഒരു പാക്കേജ് അല്ലെങ്കില്‍ ഒരു ഓര്‍ഡിനന്‍സ് ഇതോടെ സര്‍ക്കാരിന്റെയും ജോലി തീര്‍ന്നു.

ഇനി നമുക്ക് രോഗ കാരണം എന്താണെന്ന് നോക്കാം.. റോഡിന്‍റെ ശോച്യാവസ്ഥ അപകട കാരണം ആകുന്നു എന്നാണു ചിലരുടെ വാദം. എന്നാല്‍ ഒരിക്കലും റോഡിന്‍റെ ശോച്യാവസ്ഥ ഒരു വലിയ അപകട കാരണം ആകില്ല എന്ന് മാത്രല്ല അഥവാ ഒരു അപകടം സംഭവിച്ചാല്‍ തന്നെ അതിന്റെ ഭീകരത കുറയുകയും ചെയ്യും. കാരണം ഇന്ന് നടക്കുന്ന അപകടങ്ങളില്‍ അധികവും അമിത വേഗതയും മദ്യ പാനവും ആണ്. മലപ്പുറം ജില്ലയില്‍ മഞ്ചേരി പെരിന്തല്‍മണ്ണ റൂട്ടില്‍ ആനക്കയത്തിനും തിരൂര്കാടിനും ഇടയില്‍ ഏകദേശം പതിനെട്ടു കിലോമീറ്റര്‍ ദൂരം കാലങ്ങളായി വളരെയേറെ കേടായ റോഡ്‌ ആയിരുന്നു. എന്നാല്‍ അന്നൊന്നും വലിയ അപകടങ്ങള്‍ ഉണ്ടായിട്ടില്ല. ഇനി ഉണ്ടായ ചില അപകടങ്ങള്‍ക്ക് കാരണം അമിത വേഗതയും ആയിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്ത് ഏകദേശം ഒരു വര്ഷം മുന്പ് റബ്ബരയ്സ് ചെയ്തു സൗകര്യം കൂട്ടിയപ്പോള്‍ വിദേശത്തു ജോലി ചെയ്തു കൊണ്ടിരിക്കുന്ന എനിക്കറിയാന്‍ കഴിഞ്ഞ മരണങ്ങള്‍ ആറെണ്ണം. അറിയാത്തതുണ്ടോ ആവോ!. ശോച്യാവസ്ഥ പരിഹരിച്ചാല്‍ അപകടം കുറയുമെങ്കില്‍ മുന്‍പില്ലാത്ത നിരക്കിനേക്കാള്‍ കൂടിയ അപകട നിരക്ക് ഇപ്പോള്‍ വരുമായിരുന്നില്ല.

ഇവ കുറക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ ആവും. അതാണ്‌ സര്‍ക്കാരുകളും ജനങ്ങളും ചര്‍ച്ച ചെയ്യേണ്ടത്. ചുരുക്കത്തില്‍ ഇതിനോന്നിനും ഉത്തരവാദികള്‍ സര്‍ക്കാര്‍ അല്ല എന്നും പൊതു ജനങ്ങള്‍ തന്നെ ആണെന്നും മനസ്സിലാക്കാന്‍ ഉള്ള ഒരു മര്യാദ എങ്കിലും നാം കാണിക്കണം. തന്റെ കയ്യില്‍ ഉള്ളത് യന്ത്രമാണെന്നു ഓടിക്കുന്നവന്‍ മനസ്സിലാക്കണം. ജീവനുകള്‍ക്ക് പകരം മറ്റൊന്നും നല്‍കാന്‍ ഒരാള്‍ക്കും കഴിയില്ല എന്ന് നമ്മള്‍ അറിയണം. അത് അറിയാന്‍ മിനക്കെടാത്തവന് സര്‍ക്കാര്‍ എന്നും ഓര്‍ക്കാവുന്ന ശിക്ഷകള്‍ നല്‍കണം. പിഴ എന്ന ശിക്ഷ കൊണ്ട് സര്‍ക്കാരുകക്ക് വരുമാനം ഉണ്ടാകും എന്നല്ലാതെ ആ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കില്ല എന്ന് മനസ്സിലാക്കി ശിക്ഷ നല്‍കണം. സൗദി അറബിയില്‍ മുമ്പ് കാലങ്ങളില്‍ തന്റെ വാഹനം തട്ടി ഒരാള്‍ മരിച്ചാല്‍ മരിച്ച ആളുടെ അനന്തരാവകാശികള്‍ മാപ് കൊടുക്കുകയോ ഡ്രൈവര്‍ ജീവനാംശം കൊടുക്കുകയോ ചെയ്തില്ലെങ്കില്‍ ഡ്രൈവര്‍ അയാളുടെ ബാക്കി കാലം ജയിലില്‍ കഴിക്കേണ്ടി വരുമായിരുന്നു. അന്ന് അപകടങ്ങള്‍ നന്നേ കുറവും ആയിരുന്നു. എന്നാല്‍ പലരുടെയും ദുഃഖ കരമായ ഈ അവസ്ഥ കണ്ട ഭരണ കൂടം ഇന്‍ഷുറന്‍സ് നടപ്പാക്കുകയും ശാരീരിക ശിക്ഷകള്‍ ഒഴിവാക്കി അവയൊക്കെയും പിഴ ആക്കി മാറ്റുകയും ചെയ്തു. ഇന്ന് മലയാളികള്‍ അടക്കമുള്ള വിദേശികള്‍ പോലും അപകടങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കുന്നു. വാഹങ്ങള്‍ കൊണ്ട് കളിക്കുന്ന ഇവിടത്തെ ചെറുപ്പക്കാരെ കണ്ടാല്‍ തന്റെ വാഹനം ഒതുക്കി നിര്‍ത്തുകയും അവര്‍ കടന്നു പോയതിനു ശേഷം തന്റെ വാഹനം എടുക്കുകയും ചെയ്തിരുന്ന വിദേശികള്‍ അടക്കമുള്ള മറ്റുള്ളവര്‍ ഇന്ന് തന്റെ എല്ലാ രേഖകളും നൂറു ശതമാനം ശരി ആണെന്ന് വിശ്വാസമുണ്ടെങ്കില്‍ കരുതിക്കൂട്ടി അവരുടെ വാഹനങ്ങളില്‍ മുട്ടിക്കുന്നു. കാരണം ആരുടെ പക്കല്‍ തെറ്റുണ്ടെന്ന് പോലിസ് കണ്ടെത്തിയാലും പണം ഇന്‍ഷുറന്‍സ് കമ്പനി അടക്കും.

എന്നാല്‍ ചുകപ്പു വെളിച്ചം കത്തിക്കൊണ്ടിരിക്കെ വാഹനം നിര്‍ത്താതെ പോകാന്‍ എല്ലാവര്ക്കും മടി കാണാം. കാരണം തടവ്‌ ശിക്ഷ അനുഭവിക്കേണ്ടി വരും.

ഇത്രയും പറഞ്ഞത് കേരളത്തിലെ അപകടങ്ങള്‍ കുറയണമെങ്കില്‍ വെറും പിഴ ചുമത്തിയത് കൊണ്ട് കാര്യമില്ല. എന്ത് കൊണ്ടെന്നാല്‍ എവിടെയെങ്കിലും പോലിസ് ചെകിംഗ് ഉണ്ടെന്നു കണ്ടാല്‍ ഉടനെ വിളിച്ചു പറയുന്ന ആളുകളുള്ള നമ്മുടെ നാട്ടില്‍ ഇനി അഥവാ പിടിക്കപ്പെട്ടാല്‍ തന്നെ കിട്ടുന്ന ശിക്ഷ പത്തോ നൂറോ പെറ്റി. കുറ്റ കൃത്യങ്ങളില്‍ നമ്മുടെ മനസ്ഥിതി തന്നെ തെറ്റാണെന്ന് ഈ പെറ്റി പ്രയോഗം തെളിയിക്കുന്നു. ഒരാളെ കൊല്ലാന്‍ ഗൂഢാലോചന നടത്തുന്ന ആള്‍ ക്രിമിനല്‍ ആണെന്ന് നാം പറയുമ്പോള്‍ അമ്പതു കിലോമീറ്റര്‍ വേഗതയില്‍ ഓടാവുന്ന റോഡില്‍ എന്പതും അതില്‍ അധികവും കിലോമീറ്റര്‍ വേഗതയില്‍ എഴുപതും അതില്‍ അധികവും ആളുകളുമായി ഓടിച്ചു പോകുന്ന ഡ്രൈവര്‍ ചെയ്യുന്ന കുറ്റം വെറും പെറ്റി അഥവാ നിസ്സാരം. ഈ ഡ്രൈവര്‍ എത്ര പേരെയാണ് മരണത്തില്‍ എത്തിക്കുക എന്ന് ദൈവത്തിനു മാത്രം അറിയാം. എന്നാല്‍ ആദ്യം പറഞ്ഞ ക്രിമിനല്‍ വെറും ഒരാളെ മാത്രമേ മരണത്തിലെത്തിക്കൂ എന്ന കാര്യം ഉറപ്പാണ്.

ഈ നിസ്സാരം മാറണമെങ്കില്‍ എവിടെയെങ്കിലും തട്ടിത്തടഞ്ഞു ഒരു മൂന്നു നാലെണ്ണം എങ്കിലും കാലി ആകണം. ഓവര്‍ സ്പീഡിനു പോലിസ് പിടിച്ചാല്‍ കിട്ടുന്ന നൂറു രൂപയുടെ പെറ്റി യില്‍ കൂടുതല്‍ കളക്ഷന്‍ ആളുകളെ കുത്തിനിറച്ചു ചീറിപ്പായുന്ന ഒരു ബസ്സിനു കിട്ടും. പിന്നെ എങ്ങിനെ അവന്‍ ഇത് ഒഴിവാക്കും. മാത്രവുമല്ല ഇതിലൂടെ നമ്മുടെ നിയമ പാലകര്‍ക്കും പണം ഉണ്ടാക്കാം. അപ്പോള്‍ അവരും ഇത് കണ്ടില്ല എന്ന് നടിക്കും. പകരം അമിത വേഗതയില്‍ പോകുന്ന വാഹനത്തിലെ ഡ്രൈവര്‍ രണ്ടോ മൂന്നോ ദിവസം ജയിലില്‍ കിടക്കേണ്ടി വരും എന്ന നിയമം കൊണ്ട് വരാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ, എങ്കില്‍ പകുതിയും അപകടം കുറയും. മദ്യപിച്ചു വാഹനം ഓടിച്ചാല്‍ ജയില്‍ ശിക്ഷയോ അതല്ലെങ്കില്‍ മിഡില്‍ ഈസ്റ്റിലെ പോലെ ചാട്ട അടിയോ നടത്തും എന്ന് പറയാന്‍ തയ്യാറുണ്ടോ. അന്ന് മുതല്‍ കുറെ ഏറെ അപകടങ്ങള്‍ കുറയും. ഹെല്‍മെറ്റ്‌ ധരിക്കാതെ പോകുന്നവന്റെ ചിത്രവും വിലാസവും സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളില്‍ ചേര്‍ക്കുകയും കൂടുതല്‍ ആകുകയാണെങ്കില്‍ ശിക്ഷ അധികരിപ്പിക്കുകയും ചെയ്യും എന്ന് പറയാമോ. പിന്നെ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകില്ല. തീര്‍ച്ച.

ദയവു ചെയ്തു കാരണത്തിന് ചികിത്സ നല്‍കുക രോഗത്തിനല്ല.